എ ഐ ക്യാമറാ അഴിമതി: മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം
മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ അവസാന അവസരം നല്‍കുകയാണെന്ന് വി ഡി സതീശന്‍; കോടതിയെ സമീപിക്കുമെന്ന് സുധാകരന്‍; മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് പങ്കെന്ന് ചെന്നിത്തല
എഐ ക്യാമറ അഴിമതിയില്‍ വീണ്ടും ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്ന അഴിമതിയാണിതെന്നും മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കുന്നതിന് പ്രതിപക്ഷം നല്‍കുന്ന അവസാന അവസരമാണിതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
അതേസമയം എ.ഐ ക്യാമറ അഴിമതി വിവാദത്തില്‍ കോടതിയെ സമീപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അറിയിച്ചു. പ്രസാഡിയോക്ക് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. കരാറിലൂടെ വന്‍ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും കെ.സുധാകരന്‍ ആരോപിച്ചു. നരേന്ദ്രമോഡിക്ക് അദാനിയെ പോലെയാണ് പിണറായിക്ക് ഊരാളുങ്കല്‍ സൊസൈറ്റിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ക്ക് കരാറില്‍ പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സമീപകാല ചിരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ്. കരാര്‍ റദ്ദ്‌ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. പ്രിസാഡിയോ കമ്പനി ഡയറക്ടര്‍ രാംജിത്തിന് ക്ലിഫ് ഹൗസുമായുള്ള ബന്ധം വ്യക്തമാക്കണം- ചെന്നിത്തല പറഞ്ഞു.
എ.ഐ. ക്യാമറയില്‍ ആദ്യത്തെ ഗൂഢാലോചന 235 കോടി രൂപയുടെ എസ്റ്റിമേറ്റ് നടന്നതിലാണ്. ഇരട്ടിവില നിശ്ചയിച്ച് കോടികള്‍ കൊള്ളയടിക്കാന്‍ വ്യാജ എസ്റ്റിമേറ്റാണ് ഉണ്ടാക്കിയതെന്ന് സതീശന്‍ പറയുന്നു. പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഉപകരാര്‍ കൊടുക്കാന്‍ പാടില്ലെന്ന് ടെന്‍ഡര്‍ ഡോക്യുമെന്റില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് ലംഘിക്കുകയായിരുന്നു. കെല്‍ട്രോണ്‍ എസ്.ആര്‍.ഐ.ടി,അല്‍ഹിന്ദ്, പ്രസാഡിയോ മൂന്ന് കമ്പനികളുമായി ചേര്‍ന്ന് 2020 ഒക്ടോബറില്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ചു. ഇതിലുണ്ടായിരുന്ന അല്‍ഹിന്ദ് ചിത്രത്തില്‍ നിന്ന് മാറി. ശേഷം 2021 മാര്‍ച്ച് മൂന്നിന് കെല്‍ട്രോണ്‍ അറിയാതെ എസ്.ആര്‍.ഐ.ടി ഹൈദരാബാദിലെ കമ്പനിയുമായി സര്‍വീസ് കരാറിലെത്തുന്നു. പത്ത് ദിവസത്തിന് ശേഷം കെല്‍ട്രോണ്‍ ഈ കരാര്‍ അറിഞ്ഞെന്ന് പറയുന്നു.
കെല്‍ട്രോണിന് കരാര്‍ ലംഘിച്ചാല്‍ അത് റദ്ദാക്കാനുള്ള അധികാരം ഉണ്ടായിട്ടും അത് ചെയ്തില്ല. മാത്രമല്ല എല്ലാ ലംഘനങ്ങള്‍ക്കും കെല്‍ട്രോണ്‍ ഒത്താശ ചെയ്തു. ഈ കറക്കു കമ്പനികളില്‍ മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുണ്ടെന്ന വിവരവും പുറത്തുവരികയാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി മൗനം വെടിയണം. മുഖ്യമന്ത്രിയുടെ മുറിക്കകത്തേയ്ക്കും വീടിനകത്തേയ്ക്കും ആരോപണം വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിന് ഈ ഇടപാടില്‍ പങ്കാളിത്തമുണ്ടെന്ന് പുറത്തുവന്നിട്ട് അദ്ദേഹം നിഷേധിക്കാന്‍ തയ്യാറായിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു.
ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ അദ്ദേഹം പുറത്തുവിട്ടു. വ്യവസ്ഥ ലംഘിച്ച് കെല്‍ട്രോണ്‍, എസ്ആര്‍ഐടി, അക്ഷര എന്നീ കമ്പനികളുമായി ഒപ്പുവച്ച ഉപകരാറിന്റെ വിവരങ്ങളാണ് പുറത്തുവിട്ടത്.