LogoLoginKerala

എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് പിന്നില്‍ അടിമുടി ദുരൂഹതയെന്ന് പ്രതിപക്ഷം

 
chennithala satheesan

തിരുവനന്തപുരം- ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ പ്രതിപക്ഷം. പദ്ധതിയില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് രമേശ് ചെന്നിത്തലയും ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കമ്പനികള്‍ തമ്മിലുണ്ടാക്കിയ കരാറില്‍ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നു, ഇത് പിന്നീട് 232 കോടി ആയതെങ്ങനെയെന്നും തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ചോദിച്ചു.
എ.ഐ. ക്യാമറകള്‍ സ്ഥാപിക്കുന്നതില്‍ കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയുള്ള കള്ളക്കളിയാണ്്. പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ വമ്പിച്ച കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഐ ക്യാമറകള്‍ വെക്കുന്നതിന് കെല്‍ട്രോണ്‍ എസ്.ആര്‍.ഐ.ടി. എന്ന ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനിക്ക് ഉപകരാര്‍ നല്‍കി. ഇവര്‍ക്ക് ഇതില്‍ മുന്‍പരിചയമില്ല. ഇ ടെന്‍ഡറിലൂടെയാണ് എസ്.ആര്‍.ഐ.ടിയെ തിരഞ്ഞെടുത്തതെന്നാണ് കെല്‍ട്രോണ്‍ അറിയിക്കുന്നത്. എന്നാല്‍, ടെന്‍ഡറില്‍ വേറെ ആരെയെങ്കിലും പങ്കെടുത്തിരുന്നോയെന്ന് കെല്‍ട്രോണ്‍ വ്യക്തമാക്കണം. ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിച്ചോയെന്നുള്‍പ്പെടെ വ്യക്തമാക്കേണ്ടതുണ്ട്. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു രേഖയും വിവരാവകാശനിയമപ്രകാരം നല്‍കുന്നില്ല. സര്‍ക്കാര്‍ മുഴുവന്‍ കാര്യങ്ങളും മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ ക്യാമറ സംബന്ധിച്ച് ജനങ്ങള്‍ക്ക് നിരവധി സംശയങ്ങളുണ്ടെന്ന് വി ഡി സതീശന്‍ പറയുന്നു. 236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതായത് 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണ്. ക്യാമറകളുടെ യഥാര്‍ഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടിവന്ന ചെലവും ഉള്‍പ്പെടെ വിശദമായ കണക്ക് പുറത്തുവിടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും സതീശന്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ക്യാമറകള്‍ വാങ്ങാനും സ്ഥാപിക്കാനും സാങ്കേതിക സഹായത്തിനുമായി കെല്‍ട്രോണ്‍ ഉപകരാറുകള്‍ നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതൊക്കെ കമ്പനികള്‍ക്ക്? അതില്‍ വിദേശ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ? എത്ര രൂപയ്ക്കാണ് ഇത്തരത്തില്‍ ഉപകരാറുകള്‍ നല്‍കിയത്? പേറ്റന്റ് പ്രകാരമുള്ളതാണോ ക്യാമറകളില്‍ ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന എ.ഐ സാങ്കേതികവിദ്യ? ഇങ്ങനെ എ.ഐ ക്യാമറയും അതുമായി ബന്ധപ്പെട്ട ഇടപാടുകളും സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.