LogoLoginKerala

കേരളത്തിലും ഓപ്പറേഷന്‍ താമര? അകന്നു നില്‍ക്കുന്നവരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

 
OPERATION THAMARA

കേരളത്തിലെ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം. പാര്‍ട്ടി നേതൃത്വവുമായി പലകാരണങ്ങളാല്‍ അകന്നു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എ കെ ആന്റ്ണിയുടെ മകന്‍ ബി ജെ പിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിലാണ് ഈ മുന്‍കരുതല്‍.
ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു യുഡിഎഫ് നേതാവ് കൂടി ബിജെപിയില്‍ എത്തുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന കൂടി വന്നതോടെ ജാഗ്രത പാലിക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. കേരളത്തില്‍ ഓപ്പറേഷന്‍ താമര നടപ്പാക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം നീക്കം തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഇതുവരെ അത് വിജയത്തിലെത്തിയിട്ടില്ല. സംഘടനാ പ്രശ്‌നങ്ങളുടെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന നിരവധി നേതാക്കളുണ്ടെങ്കിലും അവരാരും ബി ജെ പിയിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിശ്വാസമുണ്ട്. നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തുവന്ന കെ മുരളീധരനെക്കുറിച്ച് ഇത്തരമൊരു വാര്‍ത്ത വന്നപ്പോള്‍ അദ്ദേഹം തന്നെ രൂക്ഷമായ ഭാഷയില്‍ അതിനെ തള്ളിപ്പറഞ്ഞിരുന്നു. അനില്‍ ആന്റണിയുടേത് കെ പി സി സിയുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവ് വൈകാതെ കേന്ദ്രമന്ത്രിസഭയില്‍ എത്തുമെന്ന പ്രചാരണം ബി ജെ പി കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ഈ വഴിക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ സൂചന നല്‍കുന്നു. എ ഗ്രൂപ്പിനെയും ഐ ഗ്രൂപ്പിനെയും ഒതുക്കി കെ സുധാകരന്‍- വി ഡി സതീശന്‍ കൂട്ടുകെട്ട് സംഘടനയെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ബി ജെ പിയുടെ പ്രലോഭന നീക്കങ്ങള്‍ പുരോഗമിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസില്‍ നിന്നുള്ള വനിത നേതാക്കളെ അടര്‍ത്തിയെടുക്കാനും ബി ജെ പി നേതൃത്വത്തിന് താല്‍പര്യമുണ്ട്. അതൃപ്തരായ നേതാക്കളെ കണ്ടെത്തി, പാര്‍ട്ടിയിലേക്ക് കൊണ്ടുവരാണ് ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ചില വനിതാ നേതാക്കളുമായി ഇതിനകം തന്നെ ആശയവിനിമയം നടത്തി കഴിഞ്ഞതായാണ് വിവരം. മഹിളാ കോണ്‍ഗ്രസ് പുനസംഘടനയെ തുടര്‍ന്ന് വലിയതോതിലുള്ള പൊട്ടിത്തെറി ഉണ്ടായിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ അനുയായിയായ കൊല്ലത്തെ ഒരു മഹിളാ നേതാവ് നേതൃത്വത്തിനെതിരെ പരസ്യമായി ആക്ഷേപമുന്നയിച്ചതും ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയതും കഴിഞ്ഞ ദിവസമാണ്.