LogoLoginKerala

അരിക്കൊമ്പന്‍ വനംവകുപ്പിന്റെ നിരീക്ഷണത്തില്‍, കാട്ടാനയെ പൂട്ടാന്‍ കുങ്കിയാനയെത്തി

 
arikomban

ഇപ്പോള്‍ പെരിയകനാല്‍ എസ്റ്റേറ്റില്‍ നിലയുറപ്പിച്ചിരിക്കുന്ന കൊമ്പനെ 24ന് പുലര്‍ച്ചെ നാല് മണിക്ക് ചിന്നക്കനാലിലെത്തിച്ച് മയക്കുവെടിവെച്ച് തളയ്ക്കും. 

ഇടുക്കി-  ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാട്ടുകാരുടെ പേടി സ്വപ്‌നമായി മാറിയ അരിക്കൊമ്പനെ പിടിക്കാനുള്ള സംഘത്തിലെ രണ്ടാമത്തെ കുങ്കിയാനയും ഇടുക്കിയിലെത്തി. സൂര്യന്‍ എന്ന് പേരുള്ള ആനയാണ് ചിന്നക്കനാലില്‍ എത്തിയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്ക് വയനാട്ടില്‍ നിന്ന് പുറപ്പെട്ട ആനയാണ് ഇന്നെത്തിയത്. കോന്നി സുരേന്ദ്രന്‍, കുഞ്ചു എന്നീ കുങ്കിയാനകള്‍ വ്യാഴാഴ്ചയെത്തും. ഇതോടെ അരികൊമ്പന്‍ ദൗത്യത്തിനുള്ള സന്നാഹങ്ങള്‍ പൂര്‍ണമാകും.
ദേവികുളം റേഞ്ചില്‍ ജോലി ചെയ്യുന്ന വാച്ചര്‍മാരുടെ സംഘം അരിക്കൊമ്പനെ ഓരോ നിമിഷവും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പെരിയകനാലിലെ എസ്റ്റേറ്റ് ഭാഗത്തുള്ള കൊമ്പനെ പിടികൂടാന്‍ തീരുമാനിച്ചിരിക്കുന്ന ദിവസം ചിന്നക്കനാല്‍ ഭാഗത്തേക്ക് എത്തിക്കാനാണ് വനംവകുപ്പ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ദൗത്യത്തിന്റെ ഭാഗമായി വയനാട് ആര്‍ആര്‍ടി റെയ്ഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള ആറംഗ വനപാലക സംഘവും ഇടുക്കിയിലെത്തും. 
കുങ്കി ആനകളുടെ സഹായത്തോടെ അരികൊമ്പനെ കൂട്ടി ലാക്കാനുള്ള വനം വകുപ്പ് പദ്ധതി വിജയിച്ചാല്‍ ഇതു സംസ്ഥാനം കണ്ട ഏറ്റവും വലിയ ആന വേട്ട തന്നെയായി മാറും. മറിച്ചായാല്‍ അതും വേറെ ചരിത്രമാകും. 24 പുലര്‍ച്ചെ 4 മണിക്കു മയക്കുവെടി വച്ചു പിടിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിലവിലെ തീരുമാനം ആന പിടുത്തം നടക്കുന്ന ദിവസം ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ചില വാര്‍ഡുകളില്‍ നിരോധനാജ്ഞപ്രഖ്യാപിക്കുമെന്നും ജില്ലാ ഭരണ കൂടം അറിയിച്ചു.  വനം വകുപ്പ് ഉദ്യോഗസ്ഥരെ 11 ടീമുകള്‍ ആക്കി തിരിച്ചാണ് ദൗത്യം നടത്തുക. ടീം അംഗങ്ങള്‍ക്ക് വേണ്ടി 24ന് മോക് ഡ്രില്‍ നടത്തും. ഈ സമയത്ത് ഇതുവഴിയുള്ള റോഡ് ഗതാഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തും. ആളുകള്‍ കൂട്ടംകൂടാതിരിക്കുന്നതിനും വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനും പൊലീസിന് നിര്‍ദേശം നല്‍കും. പരീക്ഷകള്‍ തടസ്സപ്പെടാതിരിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തുമെന്നും യോഗത്തിനു ശേഷം അധികൃതര്‍ അറിയിച്ചു. ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഇന്ന് യോഗം ചേരുന്നുണ്ട്.