LogoLoginKerala

അരിക്കൊമ്പന്‍ ദൗത്യം നാളെയും തുടരും, ഉപേക്ഷിക്കില്ലെന്ന് വനംവകുപ്പ്

 
arikomban

ഇടുക്കി-അരിക്കൊമ്പന്‍ ദൗത്യം ആദ്യദിവസം പരാജയം. രാവിലെ നാലരയോടെ ദൗത്യം ആരംഭിച്ചില്ലെങ്കിലും അരിക്കൊമ്പന്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നാലുമണിയോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം ദൗത്യം നാളെയും തുടരും. നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഇന്നത്തേത് പോലെ തുടരുമെന്നും മൂന്നാര്‍ ഡി എഫ് ഒ രമേഷ് ബിഷ്‌ണോയി പറഞ്ഞു.
അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യന്‍ മേട്ടിലുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ വിവരം ലഭിച്ചിട്ടുള്ളത്. അവിടെ വെച്ച് മയക്കുവെടി വെക്കാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പിനുകള്‍ക്കും ഒടുവിലാണ് അരിക്കൊമ്പനെ മയക്കു വെടി വയ്ക്കുന്നതിന് വേണ്ടിയിട്ടുള്ള തീരുമാനത്തിലേക്ക് വനം വകുപ്പ് എത്തിയത്. ഇന്നലെ മോക്ഡ്രില്‍ നടത്തിയതിന് ശേഷം ഇന്ന് പുലര്‍ച്ചെ നാലരയോടെ ദൗത്യം ആരംഭിക്കുകയായിരുന്നു. സിമന്റ് പാലത്തിന് സമീപം ആനക്കൂട്ടത്തില്‍ അരിക്കൊമ്പന്‍ ഉണ്ട് എന്നായിരുന്നു വനംവകുപ്പിന്റെ നിഗമനം. എന്നാല്‍ ആനക്കൂട്ടത്തെ വിരട്ടി കൂട്ടം തിരിക്കുവാന്‍ വന വകുപ്പ് ശ്രമം നടത്തി. ഇതോടെ ഈ കൂട്ടത്തില്‍ അരിക്കൊമ്പന്‍ ഇല്ല എന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് വനം വകുപ്പ് അരിക്കൊമ്പന്‍ ആയിട്ടുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. രാവിലെ ആരംഭിച്ച ദൗത്യം ഉച്ചയോടെ പൂര്‍ത്തിയാക്കി മടങ്ങുവാന്‍ കഴിയുമെന്ന് പ്രതീക്ഷയില്‍ ദൗത്യത്തിന് ഇറങ്ങിയ വനം വകുപ്പിന് വൈകുന്നേരത്തോടെ ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ച മടങ്ങേണ്ടി വന്നു. നാളെ വീണ്ടും ദൗത്യം പുനരാരംഭിക്കുവാനാണ് വനംവകുപ്പിന്റെ നീക്കം.രാവിലെ 8 മണി മുതല്‍ ദൗത്യം ആരംഭിക്കും. ട്രാക്കിംഗ് ടീം പുലര്‍ച്ചെ മുതല്‍ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കും. ആനയെ ഇന്ന് കണ്ടെത്താനായില്ല അതുകൊണ്ട് ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചുവെന്നും മൂന്നാര്‍ ഡി എഫ് ഒ രമേഷ് ബിഷ്‌ണോയി പറഞ്ഞു.
എന്നാല്‍ അരികൊമ്പന്‍ ദൗത്യ മേഖലയില്‍ നിന്ന് അകലേക്ക് പോയാല്‍ മയക്കുവെടി വെച്ചു പിടി കൂടുന്നത് ഇനിയും നീളുവാനാണ് സാധ്യത അതുകൊണ്ടുതന്നെ എവിടെയെന്ന് കൃത്യമായി കണ്ടെത്തിയതിനു ശേഷം സിമന്റ് പാലത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ ആകും ആദ്യം വനം വകുപ്പ് സ്വീകരിക്കുക.