LogoLoginKerala

അരിക്കൊമ്പന്‍ ദൗത്യം പുലര്‍ച്ചെ 4.30ന് തുടങ്ങും, ഏഴ് മണിക്ക് ആദ്യ മയക്കുവെടി

എങ്ങോട്ട് കൊണ്ടു പോകുമെന്നത് രഹസ്യമാക്കി വനംവകുപ്പ്
 
arikomban

ഇടുക്കി- ഓപ്പറേഷന്‍ അരിക്കൊമ്പന്‍ നാളെ പുലര്‍ച്ചെ 4.30ന് ആരംഭിക്കാനിരിക്കെ കാട്ടാനയെ എവിടേക്കാണ് കൊണ്ടു പോകുന്നതെന്ന് വെളിപ്പെടുത്താതെ വനംവകുപ്പ്. ഹൈക്കോടതി നിര്‍ദേശമുള്ളതിനാലാണ് ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുന്നത്. നിലവില്‍ അരിക്കൊമ്പന്‍ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
്അരിക്കൊമ്പനെ നാളെ രാവിലെ ഏഴ് മണിയോടെ ആദ്യ മയക്കുവെടി വെക്കണമെന്നാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ആദ്യ ഡോസ് കൊടുത്തശേഷം ആനയുടെ പ്രതികരണം നോക്കിയായിരിക്കും അടുത്ത ഡോസ് നല്‍കുക. തുടര്‍ന്ന് അരിക്കൊമ്പന് ജി പി എസ് കോളര്‍ ധരിപ്പിക്കും. പിന്നീട് കുങ്കിയാനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ ലോറിയില്‍ കയറ്റും.
രാവിലെ 4. 30ന് ദൗത്യത്തില്‍ പങ്കെടുക്കേണ്ട മുഴുവന്‍ ആളുകളും ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്‌കൂളിലെ ബേസ് ക്യാമ്പില്‍ ഒത്തുചേരും. അവിടെ നിന്നും വിവിധ ടീമുകള്‍ ആയി തിരിഞ്ഞ് അരിക്കൊമ്പന്‍ ഉള്ള സ്ഥലത്തേക്ക് പുറപ്പെടും. വനംവകുപ്പിന്റെ മാത്രം 8 സംഘം ആണ് ഉള്ളത്. ഇതുകൂടാതെ വിവിധ വകുപ്പുകളിലെ ആളുകള്‍ ഉള്‍പ്പെടെ 150 ഓളം പേര്‍ ദൗത്യത്തില്‍ പങ്കെടുക്കും. പൊലീസ് ഫയര്‍ഫോഴ്‌സ് മോട്ടോര്‍ വാഹനം ആരോഗ്യം കെഎസ്ഇബി തുടങ്ങിയ വകുപ്പിലെ ജീവനക്കാരാണ് സംഘത്തിലുള്ളത്.
ഹൈറേഞ്ച് സര്‍ക്കിള്‍ സിസി എഫ്ആര്‍എസ് അരുണ്‍, രമേഷ് ബിഷ്നോയ് മൂന്നാര്‍ ഡിഎഫ്ഓ എന്നിവരാണ് ദൗത്യത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ദൗത്യ സംഘത്തിലെ സ്‌പെഷ്യല്‍ ടീം നയിക്കുന്നത് വനം വകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയ ആണ്. നാലു ഡോക്ടര്‍മാരാണ് ഈ സംഘത്തില്‍ ഉണ്ടാവുക. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ ആദ്യ രണ്ടു വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.