LogoLoginKerala

അരിക്കൊമ്പന്‍ സാധാരണ നിലയിലായി, സമഗ്ര റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍

 
arikomban

കൊച്ചി- ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ചിരിക്കുന്ന അരികൊമ്പന്‍ ആനയുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഹൈക്കോടതിയില്‍ നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയതിന്റെയും റോഡ് മാര്‍ഗ്ം വന്യജീവി സങ്കേതത്തിലെത്തിച്ച് തുറന്നു വിട്ടതിന്റെയും ഇപ്പോള്‍ ആന എവിടെയുണ്ടെന്നതിന്റെയും സമഗ്രവിവരങ്ങളുള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട്. റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങളുടെ തല്‍സ്ഥിതിയും റിപ്പോര്‍ട്ടിലുണ്ടാകും.
അരിക്കൊമ്പനെ മയക്കുവെച്ച് കുങ്കിയാനയാക്കി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി തടഞ്ഞതിനെ തുടര്‍ന്നാണ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനമുണ്ടായത്. എവിടേക്കാണ് ആനയെ മാറ്റുന്നതെന്ന കാര്യം രഹസ്യമായി സൂക്ഷിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. നാളെയാണ് കേസ് കോടതിയുടെ പരിഗണനക്ക് വരിക.
അരിക്കൊമ്പന്‍ വനപാലകരുടെ നിരീക്ഷണത്തിലാണ് ഇപ്പോഴുമുള്ളത്. മറ്റ് ആനകളുമായി സംഘര്‍ഷം ഒഴിവാക്കാനുള്ള മുന്‍കരുതലും സ്വീകരിക്കുന്നുണ്ട്. മയക്കുവെടിയുടെ ഷോക്ക് വിട്ടുമാറിയതോടെ പൂര്‍ണ്ണമായും ഭക്ഷണവും, വെള്ളവും എടുക്കുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്.  തമിഴ്‌നാട് ഭാഗത്തേക്ക് പോകാനാണ് അരികൊമ്പന്‍ ശ്രമിക്കുന്നത് എന്നാണ് റേഡിയോ കോളറില്‍ നിന്നുള്ള സന്ദേശങ്ങള്‍ കാണിക്കുന്നത്.