LogoLoginKerala

തമിഴ്‌നാടിന്റെ 'ഓപ്പറേഷന്‍ അരശിക്കൊമ്പന്‍' നാളെ രാവിലെ തുടങ്ങും, കമ്പത്ത് നിരോധനാജ്ഞ

 
arikomban

ഇടുക്കി- തമിഴ്‌നാട് സര്‍ക്കാരിന്റെ 'ഓപ്പറേഷന്‍ അരശിക്കൊമ്പന്‍' നാളെ രാവിലെ ആരംഭിക്കും. അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിന് അനുമതി നല്‍കി തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. റവന്യു വകുപ്പും വനംവകുപ്പും പോലീസും ചേര്‍ന്നാണ് ഓപ്പറേഷന്‍ അരശിക്കൊമ്പന്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനായി മൂന്നു വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കേരള വനംവകുപ്പിലെ ഉദ്യോഗസ്ഥരും കമ്പത്തെത്തിയിട്ടുണ്ട്. മയക്കുവെടി വെക്കാന്‍ വെറ്റിനറി സര്‍ജനും കമ്പത്തുണ്ട്. കൂടുതല്‍ കുങ്കിയാനകള്‍ രാത്രി തന്നെ കമ്പത്തെത്തും. അനുയോജ്യമായ സ്ഥലത്തുവെച്ച് മയക്കുവെടി വെച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി ഉള്‍വനത്തില്‍ കേരളാതിര്‍ത്തിക്കുള്ളില്‍ തുറന്നു വിടാനാണ് തീരുമാനം.  അതിര്‍ത്തി കടന്നെത്തിയ അരിക്കൊമ്പന്‍ കമ്പം ടൗണില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് മനുഷ്യജീവനും സമ്പത്തിനും ആപത്തായതിനാല്‍ ആനയെ മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ ശ്രീവല്ലി പുത്തൂര്‍-മേഘമലൈ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശമാണ് ഇന്ന് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവിലുള്ളത്. അരിക്കൊമ്പന്റെ ആരോഗ്യനിലയുള്‍പ്പടെ പരിഗണിച്ചു വേണം ദൗത്യം നടത്താനെന്നും ഉത്തരവില്‍ പറയുന്നു.

ജനവാസ കേന്ദ്രത്തില്‍ സുരക്ഷിതമായ സ്ഥലത്ത് വെച്ച് അരിക്കൊമ്പനെ വെടിവെക്കുകയാണ് ദൗത്യത്തിലെ ആദ്യ കടമ്പ. ജനവാസ കേന്ദ്രത്തില്‍ നിന്ന് അല്‍പം മാറി ശാന്തനായി നിലയുറപ്പിച്ച അരിക്കൊമ്പനെ അവിടെ വെച്ച് മയക്കുവെടി വെക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ചില യുട്യൂബര്‍മാര്‍  ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന്  ഡ്രോണ്‍ പറപ്പിച്ചതോടെ പരിഭ്രാന്തനായ ആന കമ്പം-കമ്പംമേട് ബൈപ്പാസിലൂടെ ഗൂഡല്ലൂര്‍ ഭാഗത്തേക്ക് ഓടി മറ്റൊരിടത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ആന നില്‍ക്കുന്ന പ്രദേശത്തേക്ക് ജനങ്ങള്‍ എത്താതിരിക്കുന്നതിന്  പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു്. ബൈപാസ് റോഡ് പോലീസ് ഇപ്പോള്‍ അടച്ചിരിക്കുകയാണ്. ഇപ്പോഴുള്ള പ്രദേശത്തുനിന്ന് ആന കമ്പംമേട് വനമേഖലയിലേക്ക് നീങ്ങാനും സാധ്യതയുള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആനയെ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് പോയിട്ടുണ്ട്.