ഓപ്പറേഷന്‍ അരിശിക്കൊമ്പന്‍ തുടങ്ങി, അരിക്കൊമ്പന്‍ ചുരുളിപ്പെട്ടിയില്‍
ഇടുക്കി- കമ്പം ടൗണിനെ വിറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കമ്പം ടൗണില്‍ നിന്ന് ആറ് കിലോ മീറ്റര്‍ മാറി ചുരുളി വനമേഖലയില്‍ വെള്ളച്ചാട്ടത്തിനരകിലുള്ള കോടിലിംഗ ക്ഷേത്രത്തിന് സമീപം നിലയുറപ്പിച്ചിരിക്കുന്നതായാണ് വിവരം. ചുരുളിപ്പെട്ടിയില്‍ നിന്ന് അടുത്തുള്ള കെ കെ പെട്ടി ഗ്രാമത്തിലേക്കുള്ള വഴിയിലൂടെ ആന നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്ന് ആന കാടുകയറിയാല്‍ മയക്കുവെടി വേക്കേണ്ട സാഹചര്യം ഒഴിവായേക്കും. എന്നാല്‍ ജനവാസ മേഖലയിലേക്കാണ് വരുന്നതെങ്കില്‍ അരിക്കൊമ്പനെ മയക്കുവെടിവെക്കാന്‍ വനം വകുപ്പും പോലീസും സജ്ജമാണ്. അനുയോജ്യമായ സ്ഥലത്ത് അരിക്കൊമ്പന്‍ എത്തിയാല്‍ ഏത് നിമിഷവും മയക്കുവെടി വെക്കാന്‍ തയ്യാറായി വിദഗ്ധരടങ്ങിയ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. മൂന്ന് കുങ്കിയാനകളെ ഇന്നലെ രാത്രി തന്നെ കമ്പത്ത് എത്തിച്ചു.
ആന സ്വമേധയാ കാടുകയറിയാല്‍ അതിന് സഹായകമായ നടപടികള്‍ സ്വീകരിക്കുക, ജനവാസ മേഖലയിലേക്ക് ഇറങ്ങിയാല്‍ മയക്കുവെടി വെക്കുക എന്നീ രണ്ടു മാര്‍ഗങ്ങളാണ് ദൗത്യസംഘത്തിന് മുന്നിലുള്ളത്. ചുരുളിപ്പെട്ടി ജനവാസ മേഖലയാണ്. ഇതിനോട് ചേര്‍ന്ന തെങ്ങിന്‍ തോപ്പിലേക്ക് അരിക്കൊമ്പന്‍ കയറിയതായാണ് വനംവകുപ്പിന് ലഭിച്ച വിവരം. തെങ്ങിന്‍ തോപ്പിന്റെ ഗേറ്റും കമ്പിവേലിയും തകര്‍ത്താണ് ആന മുന്നോട്ടുപോയത്.
ആന നിലയുറപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകരടക്കം ആരെയും കടത്തിവിടുന്നില്ല. ആള്‍ക്കൂട്ടത്തെ കണ്ടാല്‍ അരിക്കൊമ്പന്‍ അക്രമാസക്തനാകുമെന്നതിനാല്‍ ജനക്കൂട്ടം അവിടേക്ക് എത്തുന്നത് തടയാന്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ചുരുളിപ്പെട്ടി വാട്ടര്‍ഫാള്‍സ് വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമായതിനാല്‍ ദൗത്യസംഘാംഗങ്ങളല്ലാതെ മറ്റൊരാളും പ്രവേശിക്കാതിരിക്കാന്‍ പോലീസ് ജാഗ്രതപാലിക്കുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
രാത്രി കാടുകയറിയ അരിക്കൊമ്പന്‍ എവിടെയെന്ന് പുലര്‍ച്ച മൂന്നു മണിക്കു ശേഷം വനംവകുപ്പിന് കൃത്യമായ വിവരമില്ലായിരുന്നു. നേരം പുലര്‍ന്ന ശേഷമാണ് അരിക്കൊമ്പന്‍ ചുരുളിപ്പെട്ടിയിലുണ്ടെന്ന് വിവരം ലഭിച്ചത്. ആകാശം മേഘാവൃതമായതിനാല്‍ റേഡിയോ കോളര്‍ സിഗ്നല്‍ തടസപ്പെട്ടതാണ് കൃത്യമായ ട്രാക്കിംഗ് നടക്കാത്തതിന് കാരണം.