LogoLoginKerala

കേരളത്തിന് ഒരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി

 
vande bharat

കന്യാകുമാരി മണ്ഡലം തിരിച്ചു പിടിക്കുകയും, തിരുവനന്തപുരം പിടിച്ചെടുക്കുകയും ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം

തിരുവനന്തപുരം- സംസ്ഥാനത്തിന് ഒരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി അനുവദിക്കാന്‍ റെയില്‍വെ തത്വത്തില്‍ തീരുമാനിച്ചു. ഇതിനുള്ള ശുപാര്‍ശ റെയില്‍വേ ഡിവിഷണല്‍ ഓഫിസില്‍ നിന്ന് മന്ത്രാലയത്തിന് സമര്‍പ്പിച്ചു. കന്യാകുമാരിയില്‍ നിന്നോ നാഗര്‍കോവിലില്‍ നിന്നോ ബംഗളൂരുവിലേക്കോ ചെന്നൈയിലോ പുതിയ വന്ദേഭാരത് ഓടിക്കാനാണ് ആലോചന. ബംഗളൂരുവിനാണ് മുന്‍ഗണനയെങ്കിലും ചെന്നൈയും പരിഗണനയിലുണ്ട്.

കേരളത്തിലെ ആദ്യ വന്ദേഭാരതിന് ലഭിച്ച വ്യാപക സ്വീകരണമാണ് രണ്ടാം വന്ദേഭാരതിനെക്കുറിച്ച് അടിയന്തരമായി കേന്ദ്രത്തെ പ്രേരിപ്പിച്ചത്. രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം- കാസര്‍ഗോഡ് റൂട്ടിലേതാണെന്നു വ്യക്തമായതിനാല്‍ കേരളത്തില്‍ ഒരു വന്ദേഭാരത് കൂടി അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും താത്പര്യമാണ്. 2.7 കോടി രൂപയാണ് വന്ദേഭാരതിന്റെ കേരളത്തിലെ ആദ്യ ആഴ്ചയിലെ വരുമാനം.

ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, കന്യാകുമാരി മണ്ഡലങ്ങളില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന കണക്കുകൂട്ടല്‍ കേന്ദ്രത്തിനുണ്ട്. നേമം, കൊച്ചുവേളി, നാഗര്‍കോവില്‍, കന്യാകുമാരി സ്റ്റേഷനുകളുടെ വികസന നടപടികളും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ . ബിജെപി തമിഴ്‌നാട് ഘടകം തിരുനെല്‍വേലി വഴി ചെന്നൈയ്ക്കായി സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന് കേരളം വഴിയുള്ള രണ്ടാം വന്ദേഭാരതാണ് താത്പര്യം.