LogoLoginKerala

മരണ സംഖ്യ 288 ആയി, പത്തുവര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തം

ഇന്ന് നടത്താനിരുന്ന മുംബൈ-ഗോവ വന്ദേ ഭാരത് ഫ്‌ലാഗ് ഓഫ് റദ്ദാക്കി
 
train tragedy

ന്യൂഡല്‍ഹി- ഒഡീഷയിലുണ്ടായത് പത്ത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് റയില്‍വേ മന്ത്രാലയം. റെയില്‍വെ ലൈനിലെ തകരാറാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദുരന്തത്തില്‍ പെട്ട അവസാനത്തെ കോച്ച് വെട്ടിപ്പൊളിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ് എന്‍ഡിആര്‍എഫ് അടക്കമുള്ളവര്‍. മരണ സംഖ്യ 288 ആയി ഉയര്‍ന്നിട്ടുണ്ട്. മരണ സംഖ്യ ഇനിയും വര്‍ധിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
 ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസും (12841) , യശ്വന്ത്പുര്‍- ഹൗറ (12864) എക്സ്പ്രസും  ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. കോറോമാണ്ടല്‍ എക്സ്പ്രസിന്റെ പത്തോളം കോച്ചുകള്‍ പാളം തെറ്റി. പാളം തെറ്റിയ ട്രെയിന്‍ കോച്ചുകള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണതിനാല്‍ യശ്വന്ത്പുറില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന 12864 ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും അപകടത്തില്‍പ്പെട്ടു. ഈ ട്രെയിനിന്റെമൂന്ന്-നാല് കോച്ചുകള്‍ അപകടത്തില്‍പ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുഡ്സ് ട്രെയിന്‍ കൂട്ടിയിടിച്ചാണ് കോറോമാണ്ടല്‍ എക്‌സ്പ്രസ് പാളം തെറ്റിയതെന്നായിരുന്നു പ്രാഥമിക വിവരം.എന്നാല്‍ പാളത്തിലെ തകരാറാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പുതിയ നിഗമനം.
അതേസമയം, ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.30ന് നടത്താനിരുന്ന മുംബൈ-ഗോവ വന്ദേ ഭാരത് ഫ്‌ലാഗ് ഓഫ് ചടങ്ങ് റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ഡല്‍ഹി ഓഫീസില്‍ നിന്ന് വെര്‍ച്വല്‍ ഉദ്ഘാടനം നടത്താനാണ് തീരുമാനിച്ചിരുന്നത്.  മഡ്ഗാവ് റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.