പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്‍ അന്തരിച്ചു
Oct 13, 2023, 11:18 IST
കോഴിക്കോട്: മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടറും ചലച്ചിത്ര നിര്‍മ്മാതാവുമായ പി വി ഗംഗാധരന്‍ അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട് മെട്രോ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറില്‍ നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. 20 ഓളം സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു. അങ്ങാടി, അഹിംസ തുടങ്ങിയ ഐ വി ശശി സിനിമകളുടെ നിര്‍മ്മാതാവാണ്. വടക്കന്‍ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഹരിഹരന്‍ ചിത്രങ്ങളുടെയും നിര്‍മ്മാതാവായിരുന്നു. അച്ചുവിന്റെ അമ്മ, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചു.
മികച്ച സിനിമകളുടെ നിര്‍മ്മാതാവെന്ന നിലയില്‍ പി വി ഗംഗാധരന്‍ ദേശീയ പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കി. 2000 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ശാന്തം നിര്‍മ്മിച്ചത് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ആയിരുന്നു. 2011 ല്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്ന് നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായിരുന്നു. നിര്‍മാതാക്കളുടെ സംഘടനയായ ഫിയാഫിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു പി വി ഗംഗാധരന്‍.
1943 ല്‍ കോഴിക്കോടാണ് പി വി ഗംഗാധരന്‍ ജനിച്ചത്. കെഎസ് യു പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തി. പി വി ഷെറിന്‍ ആണ് ഭാര്യ. ചലച്ചിത്ര നിര്‍മാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് മക്കള്‍.