LogoLoginKerala

അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നും വീണ്ടും സിഗ്നല്‍ ലഭിച്ചു തുടങ്ങി

 
arikomban

ഇടുക്കി- അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നില്‍ വീണ്ടും ലഭിച്ചു തുടങ്ങി.  ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ജി.പി.എസ് കോളറില്‍ നിന്നുള്ള സിഗ്നല്‍ നിലച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ റേഡിയോ കോളര്‍ എത്തിച്ചു നല്‍കിയ വേള്‍ഡ് വൈഡ് ഫണ്ടിനോട് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ പ്രത്യേക ആന്റിനുകളുപയോഗിച്ച് സിഗ്നല്‍ പരിശോധിച്ച ശേഷമാണ് വീണ്ടും സിഗ്നലുകള്‍ ലഭിച്ചു തുടങ്ങിയത്.
തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്. അവിടെ ഇന്ന് കേരളാര്‍ത്തിയിലൂടെയാണ് ഇപ്പോള്‍ അരിക്കൊമ്പന്‍ സഞ്ചരിക്കുന്നത്. സിഗ്നല്‍ വൈകി ലഭിച്ചാലും ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ സംവിധാനമുള്ളതിനാല്‍ അരിക്കൊമ്പന്‍ ഇന്നലെ ഉച്ചക്ക് ശേഷം ഏത് ഭാഗത്തുകൂടിയാണ് സഞ്ചരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. അതിര്‍ത്തി വനമേഖലയിലൂടെ അരിക്കൊമ്പന്‍ സഞ്ചരിച്ച 10 സ്ഥലങ്ങളുടെ സിഗ്നലുകളാണ് ഒടുവില്‍ ലഭിച്ചിരിക്കുന്നത്.
അതേസമയം അരിക്കൊമ്പന്‍ റേഡിയോ കോളര്‍ മരത്തിലുരച്ച് കേടുവരുത്താന്‍ സാധ്യതയുണ്ടെന്ന് റിട്ട. എസ് പി ജോര്‍ജ് ജോസഫ് പറഞ്ഞു. എന്നാല്‍ ഇതിനുള്ള സാധ്യത വനംവകുപ്പും ഡബ്ല്യൂ ഡബ്ല്യൂ ഫണ്ടും തള്ളുകയാണ്.
ചിന്നക്കനാലില്‍ നിന്ന് പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലാണ് തുറന്ന് വിട്ടത്. ആന മയക്കത്തില്‍ നിന്ന് ഉണര്‍ന്നെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും പൂര്‍ണ ആരോഗ്യവാനെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. അതേസമയം മിഷന്‍ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മാറ്റിയ ശേഷമുള്ള സാഹചര്യവും കോടതി വിലയിരുത്തും. റേഡിയോകോളര്‍ ധരിപ്പിച്ച ശേഷമുള്ള അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനം വകുപ്പ് കോടതിയെ അറിയിക്കും.