ശിവശങ്കറിന് ഇടക്കാല ജാമ്യമില്ല, പ്രത്യേക കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി
Updated: May 17, 2023, 16:42 IST
ന്യൂഡല്‍ഹി- ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മറ്റി. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യം കോടതി നിരാകരിച്ചു. അതേസമയം, ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അടിയന്തരമായി ആവശ്യമുണ്ടായാല്‍ ഇടക്കാല ജാമ്യത്തിനായി ഇ ഡിയുടെ പ്രത്യേക കോടതിയെ സമീപിക്കാന്‍ ശിവശങ്കറിന് സുപ്രീം കോടതി അനുമതി നല്‍കി. സ്ഥിരജാമ്യത്തിനായുള്ള ശിവശങ്കറിന്റെ അപേക്ഷ ജൂലൈയിലാകും പരിഗണിക്കുക.
ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ ചികിത്സയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് ശിവശങ്കറിന്റെ അഭിഭാഷകര്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ ഇഡി എതിര്‍ത്തു. ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഇ ഡി അറിയിച്ചു. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സര്‍വീസില്‍ കയറിയ ശേഷം ശിവശങ്കര്‍ കാര്യമായ ചികിത്സയ്ക്ക് വിധേയനായിട്ടില്ലെന്ന് ഇ.ഡി യുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ അനുവദിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
വേനലവധിക്ക് മുമ്പ് ആരോഗ്യപരമായ കാരണങ്ങളാല്‍ ശിവശങ്കറിന് ജാമ്യം ആവശ്യമായി വരികയാണെങ്കില്‍ അദ്ദേഹത്തിന് പ്രത്യേക വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ശിവശങ്കറിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയ്ക്ക് പുറമെ, അഭിഭാഷകരായ സെല്‍വിന്‍ രാജ, മനു ശ്രീനാഥ് എന്നിവരും ഹാജരായി.