LogoLoginKerala

ആയിരം രൂപാ നോട്ടുകള്‍ ഇനി ഉണ്ടാകില്ല, 2000 നോട്ടുകള്‍ നാളെ മുതല്‍ ബാങ്കുകളില്‍ മാറാം

 
RBI


ന്യൂഡല്‍ഹി - രാജ്യത്ത് രണ്ടായിരം രൂപ നോട്ട് പിന്‍വലിച്ചതിന് പിന്നാലെ ആ്‌യിരം രൂപാ നോട്ടുകള്‍ തിരിച്ചുവരുമെന്ന അഭ്യൂഹം തള്ളി ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്തദാസ്. ഇപ്പോള്‍ പ്രചരിക്കുന്നത് ഊഹാപോഹമാണ്. 1000 രൂപ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിയിട്ടിട്ടില്ല. കൂടുതല്‍ 500 രൂപ നോട്ടുകള്‍ അവതരിപ്പിക്കാനുള്ള തീരുമാനം പൊതുജനങ്ങളുടെ ആവശ്യത്തെ ആശ്രയിച്ചിരിക്കും- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.

2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റുന്നത് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.  സെപ്തംബര്‍ 30 വരെയുള്ള സമയപരിധി ഇനിയും നാല് മാസം ബാക്കിയുള്ളതിനാല്‍ 2,000 രൂപ വിനിമയം ചെയ്യാന്‍ ബാങ്കുകളിലേക്ക് തിരക്കുകൂട്ടേണ്ട ആവശ്യമില്ലെന്നും ഈ പ്രക്രിയയില്‍ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിലും റിസര്‍വ് ബാങ്ക് അതീവശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. ഏതെങ്കിലും. പ്രചാരത്തില്‍ നിന്ന് 2,000 രൂപ പിന്‍വലിക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്കിന്റെ കറന്‍സി മാനേജ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗവും ക്ലീന്‍ നോട്ട് പോളിസിക്ക് അനുസൃതവുമാണ്. ഇപ്പോള്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും സെപ്റ്റംബര്‍ 30-നകം ആര്‍ബിഐയില്‍ തിരിച്ചെത്തുമെന്ന് ദാസ് പറഞ്ഞു. പെട്രോള്‍ പമ്പുകളില്‍ 2000 രൂപ നോട്ടുകള്‍ മാറാന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മറ്റ് നോട്ടുകളുടെ ആവശ്യത്തിലധികം സ്റ്റോക്ക് ഈ സംവിധാനത്തിലുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം നോട്ട് മാറിനല്‍കലുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് ആര്‍ ബി ഐ പുതിയ നിര്‍ദേശം നല്‍കി. എല്ലാ കൗണ്ടറുകളിലും 2000 രൂപ നോട്ടുകള്‍ മാറാനുള്ള സൗകര്യം ഒരുക്കണം. ദിവസവും മാറ്റി നല്‍കുന്ന നോട്ടുകളുടെ വിവരങ്ങള്‍ സൂക്ഷിക്കണം. വേനല്‍ കണക്കിലെടുത്ത് നോട്ട് മാറാന്‍ വരുന്നവര്‍ക്ക് കാത്തിരിപ്പ് കേന്ദ്രം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആര്‍ബിഐ ബാങ്കുകളോട് നിര്‍ദേശിച്ചു. അതേസമയം രേഖകളില്ലാതെ 2000 രൂപ നോട്ടുകള്‍ മാറാം എന്ന ബാങ്കുകളുടെ അറിയിപ്പിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്തെത്തി.കള്ളപ്പണക്കാരെ സര്‍ക്കാര്‍ ചുവപ്പ് പരവതാനി വിരിച്ച് സ്വാഗതം ചെയ്യുന്നു. 2000 രൂപ നോട്ട് കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് സഹായകരമായിയെന്നും ചിദംബരം വിമര്‍ശിച്ചു