LogoLoginKerala

ഷാരൂഖ് സെയ്ഫിയുമായി എന്‍ ഐ എ സംഘം തെളിവെടുപ്പിന് കോഴിക്കോട്ട്

 
sharukh saifi

ഷൊര്‍ണ്ണൂര്‍ - എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ എന്‍.ഐ.എ സംഘം ഷൊര്‍ണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എന്‍.ഐ.എ കേസ് ഏറ്റെടുത്ത ശേഷമുള്ള ആദ്യ തെളിവെടുപ്പാണിത്. ഷാരൂഖിനെ പെട്രോള്‍ വാങ്ങിയ പമ്പിലും റെയില്‍വേ സ്റ്റേഷനിലും മറ്റും എത്തിച്ചാണ് സംഘം തെളിവെടുപ്പ് നടത്തിയത്. കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലും തെളിവെടുപ്പ് നടക്കും. കുറ്റകൃത്യത്തിന് പിന്നിലെ തീവ്രവാദ ബന്ധം, പ്രതിക്ക് പ്രാദേശിക തലത്തില്‍ ലഭിച്ച സഹായം തുടങ്ങി പോലീസിന് കണ്ടെത്താന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ കണ്ടെത്താനാണ്  എന്‍.ഐ.എ സംഘം ശ്രമിക്കുന്നത്. 

ഈ മാസം എട്ടുവരെയാണ് ഷാരൂഖ് സെയ്ഫിയെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന എന്‍.ഐ.എയുടെ ആവശ്യം കഴിഞ്ഞദിവസം കൊച്ചി എന്‍.ഐ.എ കോടതി അംഗീകരിച്ചിരുന്നു. കസ്റ്റഡിയില്‍ ലഭിച്ച സാഹചര്യത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയാണ് ഇന്ന് തെളിവെടുപ്പിന് എത്തിച്ചത്. കേസില്‍ കേരള പോലീസ് ശേഖരിച്ച മുഴുവന്‍ വിവരങ്ങളും എന്‍.ഐ.എക്ക് കൈമാറിയിട്ടുണ്ട്. 

ഒരു കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരുടെ മരണത്തിനും ഒന്‍പത് പേര്‍ക്ക് പരുക്കുമേല്‍ക്കാനിടയായ ട്രെയിന്‍ തീവെപ്പ് കേസ് ഏപ്രില്‍ 18-നാണ് എന്‍.ഐ.എ ഏറ്റെടുത്തത്. കേസ് ആദ്യം അന്വേഷിച്ച പോലീസിന് ഷാരൂഖ് സെയ്ഫിക്ക് മറ്റാരെങ്കിലുമായി ബന്ധമുള്ളതായി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.