LogoLoginKerala

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്: പോലീസ് അന്വേഷണ വീഴ്ചകള്‍ അക്കമിട്ട് നിരത്തി എന്‍ ഐ എ

 
train fire

എലത്തൂര്‍ ട്രെയിനിലെ തീവെപ്പ് കേസില്‍ പൊലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. തീവ്രവാദ സ്വഭാവമുള്ള കേസുകളിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൊലീസ് പാലിച്ചില്ലെന്നാണ് കേന്ദ്ര് ആഭ്യന്തര മന്ത്രാലയത്തിന്് നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. അപകടം നടന്നയുടന്‍ നടത്തേണ്ട ട്രെയിനിലെ പരിശോധന വൈകിപ്പിച്ചതും പ്രധാന തെളിവായ പ്രതിയുടെ ബാഗും അതിലെ കുറിപ്പുകളടങ്ങിയ ഡയറിയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പരിശോധിച്ചതും പിഴവാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.. ഈ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കുമെന്നാണ് സൂചന.
എലത്തൂരില്‍ അന്വേഷണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ പോലീസിന് വീഴ്ച്ച സംഭവിച്ചു എന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിമര്‍ശനം. പൊലീസിന്റെ പിഴവുകള്‍ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ടുകളാണ് ആഭ്യന്തര മന്ത്രാലയത്തിന് അന്വേഷണ ഏജന്‍സികള്‍ കൈമാറിയത്.
ട്രെയിനില്‍ പ്രാഥമികമായി നടത്തേണ്ട പരിശോധന വൈകിപ്പിച്ചത് തിരിച്ചടിയായി. ട്രാക്കില്‍ രാത്രി തന്നെ വളരെ വിശദമായ പരിശോധന നടത്തേണ്ടതായിരുന്നു. ഇത്തരമൊരു പരിശോധന നടന്നിരുന്നെങ്കില്‍ പ്രതിയെ ട്രെയിനില്‍ നിന്നു തന്നെ പിടികൂടാന്‍ കഴിയുമായിരുന്നു.  പ്രതി ഷാരൂഖ് സെയ്ഫി ഉപേക്ഷിച്ചതെന്ന് കരുതുന്ന ബാഗ് പിറ്റേ ദിവസം മാത്രമാണ് ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. ഈ ബാഗ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിശോധിച്ചതും ഇതിലുണ്ടായിരുന്ന തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരാന്‍ ഇടയാക്കിയതും തെറ്റാണെന്നും എന്‍ഐഎയും രഹസ്യന്വേഷണ വിഭാഗവും കുറ്റപ്പെടുത്തുന്നു. ട്രെയിനില്‍ നിന്ന് വീണ് മരിച്ച മൂന്നു പേരുടെ മൃതദേഹം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് കാണുന്നത്. പാലത്തിന് മുകളില്‍ വെച്ചാണ് ബോഗിയില്‍ തീപടര്‍ന്നതെങ്കിലും ആരെങ്കിലും പുഴയില്‍ ചാടി രക്ഷപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ പരിശോധന നടത്തിയില്ല.
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ പ്രതിയെ തിരക്കിട്ട് സംസ്ഥാനത്ത് എത്തിച്ചെങ്കിലും തുടരന്വേഷണവും തൃപ്തികരമല്ല. പ്രതിയെ ചോദ്യം ചെയ്യുമ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനേയും റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യുന്നുണ്ട്. സംഭവത്തില്‍ തീവ്രവാദ ബന്ധത്തിന്റെ ചില സൂചനകള്‍ രഹസ്യന്വേഷണ വിഭാഗത്തിനും എന്‍ഐഎ യ്ക്കും ലഭിച്ചിട്ടുണ്ട്. ഈ കാര്യം പോലീസിനെ അറിയിച്ചെങ്കിലും ഗൗരവത്തോടെ ഉള്‍ക്കൊണ്ടില്ല. ഷൊര്‍ണൂരില്‍ എത്തിയ പ്രതി 10 മണിക്കൂറിലേറെ ചിലവഴിച്ചത് എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസ് ശ്രമിച്ചിട്ടില്ലെന്നും എന്നെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ ദൃശ്യം ചിത്രീകരിക്കാന്‍ ഒരു മാധ്യമത്തിന് അനുമതി നല്‍കിയതിനെയും ദിവസവും അന്വേഷണ സംഘത്തലവനായ എ ഡി ജി പി ചാദ്യം ചെയ്യലിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിനെയും റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യുന്നുണ്ട്. 
സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്തുനിന്നും പ്രതിക്ക് സഹായം ലഭിച്ചു എന്നാണ് കേന്ദ്ര ഏജന്‍സികളുടെ സംശയം. വിശദമായ അന്വേഷണം വേണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തീവ്രവാദ ബന്ധം സംശയിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍, പോലീസ് അന്വേഷണത്തിലെ അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന് ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കുമെന്നാണ് സൂചന.