പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്; നാലിടങ്ങളില്‍ ഒരേസമയം പരിശോധന
മലപ്പുറത്ത് വിവധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ.) പരിശോധന. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവരുടെ വീടുകളിലാണ് പരിശോധന നടന്നത്. വേങ്ങര സ്വദേശി ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി, താനൂര്‍ നിറമരുതൂര്‍ ചോലയില്‍ ഹനീഫ, രാങ്ങാട്ടൂര്‍ പടിക്കാപ്പറമ്പില്‍ ജാഫര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന.
ഒരേ സമയത്ത് നാലു പേരുടെ വീടുകളിലും എൻ.ഐ.എ. സംഘം പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടക്കുന്നതെന്നാണ് വിവരം. മൂന്ന് ആഴ്‌ചകൾക്ക് മുൻപ് പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഗ്രീൻവാലി എൻ ഐ എ കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകരുടെ വീടുകളിൽ റെയ്‌ഡ് തുടങ്ങിയത്. പരിശോധന തുടങ്ങിയതിന് ശേഷമാണ് ലോക്കൽ പോലീസിനെ വിവരമറിയിച്ചതെന്നാണ് സൂചന.
കഴിഞ്ഞ മേയിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ നിലമ്പൂരിലെയും കൊണ്ടോട്ടിയിലെയും വീടുകളിൽ എൻഐഎ റെയ്‌ഡ് നടന്നിരുന്നു. നിലമ്പൂരിൽ ചന്തക്കുന്ന് സ്വദേശി ശരീഫ് എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന നടന്നത്. ഇവിടെനിന്ന് ചില രേഖകൾ പിടിച്ചെടുത്തു.
കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂരിലും എൻഐഎ പരിശോധന നടത്തി. കുഞ്ചത്തൂരിലെ മുനീറിന്റെ വീട്ടിലാണ് റെയ്‌ഡ് നടന്നത്. മലബാര്‍ ഹൗസ്, പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിവ എന്‍ഐഎ നേരത്തെ കണ്ടുകെട്ടിയിരുന്നു. കേരളത്തിൽ നിന്നുള്ള നേതാക്കളടക്കം ഇതുവരെ 200-ലധികം പേരാണ് രാജ്യവ്യാപകമായി എൻ.ഐ.എയും ഇ.ഡിയും നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.