രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്‍ II തീവെപ്പ് പ്രതിയുടെ ഫോണ്‍ വിവരങ്ങള്‍ ഇന്ന് ലഭിക്കും II തൃശൂരില്‍ ഇന്ന് നഴ്‌സസ് സമരം

എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി ഇന്നു വയനാട്ടില്‍ എത്തും. പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടാകും. കല്‍പറ്റയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന യുഡിഎഫ് റോഡ്ഷോയില്‍ രാഹുലും പ്രിയങ്കയും പങ്കെടുക്കും. പാര്‍ട്ടികൊടികള്‍ക്കു പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. 'സത്യമേവ ജയതേ' എന്ന പേരില്‍ ഉച്ചയ്ക്ക് മൂന്നിന് കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂള്‍ പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. തുടര്‍ന്ന് 'സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം' എന്ന പേരില്‍ പൊതുസമ്മേളനവും നടക്കും.
ട്രെയിന്‍ തീവയ്പു കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഉടനീളം സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം. ആരും സഹായിച്ചിട്ടില്ലെന്നാണ് പ്രതി ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പില്‍നിന്നു പെട്രോള്‍ വാങ്ങിയത് അടക്കമുള്ള ഓരോ നീക്കത്തിലും സഹായമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രക്ഷപ്പെടാനും സഹായങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേസ് വൈകാതെ എന്‍ഐഎ ഏറ്റെടുത്തേക്കും. ഇന്ന് ഷാരൂഖിന്റെ ഫോണ്‍വിളികള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതോടെ ഷൊര്‍ണൂരിലെ ബന്ധത്തിന് കൂടുതല്‍ വ്യക്തതവരുമെന്നാണ് പ്രതീക്ഷ. പ്രതിയെത്തിയെന്നു സംശയിക്കുന്ന, ഷൊര്‍ണൂരിലെ കോളനിയിലെ ചിലവീടുകളില്‍ അന്വേഷണസംഘം എത്തിയതായും സൂചനയുണ്ട്.
വെറും 47 കാഴ്ചക്കാര്‍ മാത്രമുണ്ടായിരുന്ന ഷാരൂഖ് സെയ്ഫിയുടെ യുട്യൂബ് ചാനലായ 'ഷാരൂഖ് സെയ്ഫിസ് കാര്‍പെന്‍ട്രി' കണ്ടവരുടെ എണ്ണം തീവെപ്പ് സംഭവത്തിനുശേഷം 1,42,188 ആയി. ചാനലില്‍ ഷാരൂഖിന്റെ ആറു വീഡിയോകളാണുള്ളത്. നൂറില്‍ കുറവ് കാഴ്ചക്കാരായിരുന്നു ഇതിനെല്ലാമുണ്ടായിരുന്നത്.
തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം ഇന്നു മുതല്‍. 50 ശതമാനം ഇടക്കാലാശ്വാസം നല്‍കാമെന്നു സമ്മതിച്ച അമല, ജൂബിലി മെഡിക്കല്‍ കോളജുകളുടെ ആശുപത്രികള്‍, ദയ, വെസ്റ്റ് ഫോര്‍ട്ട്, സണ്‍, മലങ്കര മിഷന്‍ എന്നീ ആശുപത്രികളെ സമരത്തില്‍നിന്ന് ഒഴിവാക്കി. 24 ആശുപത്രികളില്‍ തുടര്‍ച്ചയായി മൂന്നു ദിവസത്തേക്കാണു സമരം. ദിവസവേതനം 800 രൂപയില്‍നിന്ന് 1,500 രൂപയാക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.
സംസ്ഥാനത്ത് അര്‍ഹരായവര്‍ക്കു പട്ടയം നല്‍കാനുള്ള പരിശോധനകള്‍ക്കായി വില്ലേജ് തോറും ജനകീയ സമതികള്‍ രൂപീകരിക്കുന്നു. പട്ടയ മിഷന്റെ ഭാഗമായുള്ള സമിതികളില്‍ വില്ലേജ് ഓഫീസര്‍ കണ്‍വീനറാകും. എംഎല്‍എയോ എംഎല്‍എയുടെ പ്രതിനിധിയോ, തദ്ദേശ സ്ഥാപന അധ്യക്ഷന്‍, മെമ്പര്‍, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാകും സമിതി. അപ്പീലുകള്‍ തഹസില്‍ദാര്‍ അധ്യക്ഷനായ താലൂക്കു സമിതികള്‍ പരിശോധിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസിലെ ഭിന്നവിധിക്കെതിരായ റിവ്യു ഹര്‍ജി ഭിന്ന വിധി പറഞ്ഞ ലോകായുക്ത ഡിവിഷന്‍ ബെഞ്ച് തന്നെ ഇന്നു പരിഗണിക്കും. ഫുള്‍ ബെഞ്ച് നാളെ കേസ് പരിഗണിക്കുന്നതിന് മുമ്പാണ് റിവ്യു ഹര്‍ജി പരിഗണിക്കുന്നത്.
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അടക്കം പ്രതിയായ എന്‍ഫോഴ്‌സ്‌മെന്റിന്റെ പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ കേസിന്റെ വിചാരണ യുപിയില്‍ നിന്നു കേരളത്തിലേക്കു മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാന്‍ ഹര്‍ജി നല്‍കിയത്.
സുഗതകുമാരിയുടെ വീട് സ്മാരകമാക്കണമെന്ന് ആവശ്യപ്പെട്ട് ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് മകള്‍ ലക്ഷ്മി ദേവി. വരദ എന്ന വീട് സ്മാരകമാക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് തങ്ങള്‍ നിവേദനം നല്‍കിയിട്ടുമില്ല. വീട് വാങ്ങിയവരെ ഇപ്പോള്‍ ചിലര്‍ ഭീഷണിപ്പെടുത്തുന്നതു ശരിയല്ല. സ്മാരകമാക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തൊട്ടടുത്തുള്ള അഭയ എന്ന തറവാടാണ് യോജ്യമെന്നും ലക്ഷ്മി ദേവി പറഞ്ഞു.
നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ തന്റെ കൈ ഒടിഞ്ഞില്ലെന്നു വ്യാജ പ്രചാരണം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സച്ചിന്‍ ദേവ് എം.എല്‍.എ എന്നിവര്‍ക്കും ദേശാഭിമാനി പത്രത്തിനും എതിരേ ആര്‍എംപി നേതാവും എംഎല്‍എയുമായ കെ.കെ രമ വക്കീല്‍ നോട്ടീസയച്ചു. അപകീര്‍ത്തി പ്രചാരണം നടത്തിയതിനാണു നോട്ടീസ്. മാപ്പപേക്ഷിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ടു പോകുമെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കേരളം കാത്തിരിക്കുന്ന പല പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിനിടെ ഉണ്ടാകുമെന്ന് സൂചന വന്നതോടെ റെയില്‍വേ ഉള്‍?െപ്പടെയുള്ള വകുപ്പുകളില്‍ തിരക്കിട്ട തയ്യാറെടുപ്പുകള്‍. പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും വരാനുള്ള സാധ്യത റെയില്‍വേ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. 25-നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
ക്രൈസ്തവ സഭാ അദ്ധ്യക്ഷരും വിശ്വാസികളും ബിജെപിയോടും പ്രധാനമന്ത്രിയോടും അടുക്കുന്നതില്‍ വി.ഡി സതീശനും എം.വി ഗോവിന്ദനും അസ്വസ്ഥരാകേണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വ്യാജപ്രചരണങ്ങള്‍ നടത്തി മതങ്ങളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളെന്നു ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കൃഷ്ണകുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് സുനിത വിജയന്‍ തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി നല്‍കി. മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ സ്ഥാനത്തേക്കു തന്നെ പരിഗണിച്ചിരുന്നതായിരുന്നെന്നാണ് സുനിത പറയുന്നത്.
താമരശ്ശേരി പരപ്പനയില്‍ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു മുമ്പേ വീട്ടിലെത്തി ഷാഫിയെ ഭീഷണിപ്പെടുത്തിയ രണ്ടുപേരെ അറസ്റ്റു ചെയ്തു. പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍, ഉണ്ണികുളം സ്വദേശി അജ്‌നാസ് എന്നിവരാണ് അറസ്റ്റിലായത്.
പ്രണയത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുന്‍ കാമുകിയും പുതിയ കാമുകനും ഗുണ്ടകളും ചേര്‍ന്ന് യുവാവിനെ നഗ്‌നനനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു. തിരുവനന്തപുരം വര്‍ക്കല അയിരൂരിലാണു സംഭവം. കാമുകിയായ വര്‍ക്കല സ്വദേശി ലക്ഷ്മി പ്രിയയും ഇപ്പോഴത്തെ കാമുകനും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ കേസെടുത്തു. എട്ടാം പ്രതി എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി അമല്‍ പിടിയിലായി.
തിരുവനന്തപുരം കരമനയാറ്റില്‍ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ രക്ഷിക്കാന്‍ ശ്രമിക്കാതിരുന്ന സുഹൃത്തുക്കളെ മലയിന്‍കീഴ് പോലീസ് അറസ്റ്റു ചെയ്തു. പെരുകാവ് തുറവൂര്‍ കുളത്തിന്‍കര വീട്ടില്‍ പ്രശാന്ത്കുമാറാണ് (32) മുങ്ങിമരിച്ചത്. തൈവിള സ്വദേശികളായ പ്രവീണ്‍, ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനാണ് പെരിന്തല്‍മണ്ണ ഏലംകുളത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊന്നതെന്നു പോലീസ്. ഏലംകുളം വായനശാലയ്ക്ക് സമീപമുള്ള പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന (30) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി മുഹമ്മദ് റഫീഖ് (35) ആണ് അറസ്റ്റിലായത്.
കര്‍ണാടകത്തില്‍ തമിഴ്നാട് മാതൃകയിലുള്ള മതേതര സഖ്യനീക്കത്തിന് തിരിച്ചടി. കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കാനുള്ള സി.പി.ഐ. ശ്രമം വിജയിച്ചില്ല. ചര്‍ച്ചകളില്‍നിന്ന് കോണ്‍ഗ്രസ് മുഖംതിരിച്ചു. ജെ.ഡി.എസുമായി സീറ്റ് ധാരണയുണ്ടാക്കാനുള്ള സി.പി.എമ്മിന്റെ ശ്രമവും ഫലം കണ്ടില്ല.
അരുണാചല്‍ പ്രദേശിലെ ഒരിഞ്ചു സ്ഥലംപോലും ചൈനയ്ക്കു കൈയേറാനാവില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. അതിര്‍ത്തിയിലുള്ള കിബിത്തൂ ഇന്ത്യയുടെ അവസാന ഗ്രാമമല്ല ആദ്യ ഗ്രാമമാണ്. സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിക്കുന്നത് ഇവിടെയാണ്. വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേന്ദ്രമന്ത്രി അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരെ ചൈന. ചൈനീസ് അധീന മേഖലയിലാണ് കേന്ദ്രമന്ത്രി അതിക്രമിച്ചു കയറിയതെന്നും സന്ദര്‍ശനം പരമാധികാരത്തിലുള്ള കടന്നുകയറ്റമെന്നും ചൈനീസ് വിദേശകാര്യവക്താവ്. അരുണാചലിലെ 11 പ്രദേശങ്ങളുടെ പേര് മാറ്റിയതിനു പിറകേയാണ് ചൈന ഇങ്ങനെ പ്രതികരിച്ചത്.
പഞ്ചാബിലെ ഒളിവില്‍ കഴിയുന്ന ഖാലിസ്ഥാനി തീവ്രവാദി നേതാവ് അമൃതപാല്‍സിംഗിന്റെ അടുത്ത അനുയായി പപാല്‍ പ്രീത് സിംഗ് പോലീസിന്റെ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരേ ഇന്നു മുതല്‍ സത്യഗ്രഹ സമരം തുടങ്ങുന്ന സച്ചിന്‍ പൈലറ്റിനെതിരെ കോണ്‍ഗ്രസ് നേതൃത്വം. സമരം പാര്‍ട്ടി വിരുദ്ധമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സുഗ്ജീന്ദര്‍ സിംഗ് രണ്‍ധാവ. മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് സത്യാഗ്രഹം.
ജമ്മു കാഷ്മീരില്‍ നിര്‍മിക്കുന്ന ഏഷ്യയിലെ ഏറ്റവും നീളമേറിയ സോജില തുരങ്കം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഏതു കാലാവസ്ഥയിലും ലഡാക്കിലേക്കു റോഡുമാര്‍ഗം എത്താവുന്ന പാതയാണ് സോജില തുരങ്കം. 13 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാത 4,900 കോടി രൂപ മുടക്കിയാണു നിര്‍മിക്കുന്നത്. 2026 ല്‍ പണി പൂര്‍ത്തിയാകും.
രാഹുല്‍ ഗാന്ധി വിദേശത്ത് ആരെയെല്ലാം കാണുന്നുണ്ടെന്നു വ്യക്തമാക്കണമെന്നു ബിജെപി. കോണ്‍ഗ്രസ് വിട്ട സീനിയര്‍ നേതാവ് ഗുലാംനബി ആസാദ് കഴിഞ്ഞ ദിവസം ഈ ആരോപണം ഉന്നയിച്ചിരുന്നു. രാഹുല്‍ വിദേശത്ത് പോകുമ്പോള്‍ കളങ്കിത വ്യവസായികളെ കാണാറുണ്ടെന്ന് ഗുലാം നബി ആസാദ് ആരോപിച്ചിരുന്നു. ഇതാരൊക്കെയാണെന്ന് രാഹുല്‍ ഗാന്ധി വിശദീകരിക്കണമെന്ന് ബിജപി നേതാവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടര്‍ന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. ട്വിറ്ററില്‍ 13.43 കോടി ഫോളോവേഴ്സുള്ള ശതകോടീശ്വരന്‍ 194 അക്കൗണ്ടുകള്‍ മാത്രമാണ് പിന്തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്വിറ്ററില്‍ 8.77 കോടി ഫോളോവേഴ്സ് ഉണ്ട്.
ബാറ്റിംഗ് വെടിക്കെട്ടില്‍ വിജയം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം. ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഒരു വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 46 പന്തില്‍ 79 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസിയുടേയും 41 ബോളില്‍ 61 റണ്‍സ് നേടിയ വിരാട് കോലിയുടേയും 29 ബോളില്‍ 59 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്വെല്ലിന്റേയും മികവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ 30 ബോളില്‍ 65 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനസിന്റേയും 19 ബോളില്‍ 62 റണ്‍സ് നേടിയ നിക്കോളാസ് പുരന്റേയും മികവില്‍ അവസാന ബോളില്‍ ഒരു വിക്കറ്റിന്റെ വിജയം നേടി. 15 ബോളില്‍ ഐപിഎല്ലിലെ അതിവേഗ അര്‍ധസെഞ്ചുറി സ്വന്തമാക്കിയ നിക്കോളാസ് പുരനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.