നവജാത ശിശുവിനെ മൂന്നു ലക്ഷം രൂപക്ക് വിറ്റു, ദമ്പതികള്‍ ഒളിവില്‍

തിരുവനന്തപുരം- തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ വില്‍പന പൊലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ചേര്‍ന്ന് തടഞ്ഞു. തൈക്കാട് ആശുപത്രിയിലാണ് വില്‍പന നടന്നത്. തിരുവല്ല സ്വദേശിനിയാണ് മൂന്നുലക്ഷം രൂപ നല്‍കി കുട്ടിയെ വാങ്ങിയത്. പൊലീസ് കണ്ടെടുത്ത കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. വില്‍പന നടത്തിയവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രസവം കഴിഞ്ഞ് വീട്ടിലേക്കു പോകുംമുന്‍പു തന്നെ ആശുപത്രിയില്‍വച്ച് വില്‍പന നടത്തുകയായിരുന്നു.
കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടതാണ് നിര്‍ണായകമായത്. കുഞ്ഞില്ലാത്ത വീട്ടില്‍ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയല്‍വാസികള്‍ ഒരാഴ്ച മുമ്പ് വിവരം സ്‌പെഷ്യല്‍ ബ്രാഞ്ചിനെ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വില്‍പ്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. പൊലീസ് ചോദ്യംചെയ്യലില്‍ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു. ഇതോടെ കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. യഥാര്‍ത്ഥ മാതാപിതാക്കളെ കുറിച്ച് സൂചനയുണ്ടെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.
മക്കളിലാത്തതിനാല്‍ വളര്‍ത്തുന്നതിന് വേണ്ടിയാണ് ജോലി സ്ഥലത്ത് വെച്ച് പരിചയപ്പെട്ട സ്ത്രീയില്‍ നിന്നും കുഞ്ഞിനെ വാങ്ങിയതെന്നും നിയമ പ്രശ്‌നങ്ങള്‍ അറിയില്ലായിരുന്നുവെന്നും കുഞ്ഞിനെ വാങ്ങിയ കനമന സ്വദേശിനി പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥലത്ത് തുണി വില്‍പ്പന നടത്താന്‍ വരുന്ന സ്ത്രീയില്‍ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് കരമന സ്വദേശി നല്‍കുന്ന വിശദീകരണം. ജോലി ചെയ്യുന്ന സ്ഥലത്ത് വെച്ചാണ് കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയെ പരിചയപ്പെടുന്നത്. അതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് വീണ്ടും കാണുന്നത്. ആ സമയത്ത് അവര്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. പ്രസവ സമയത്ത് ആശുപത്രിയിലെത്തി കണ്ടു. പ്രസവത്തിന് ശേഷം മൂന്നാം ദിവസം ആശുപത്രിക്ക് പുറത്ത് വെച്ച് കുഞ്ഞിനെ വാങ്ങി. കുഞ്ഞിനെ തരുന്നതില്‍ പ്രശ്‌നമില്ലെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. അതിന് ശേഷം അവളുടെ ഭര്‍ത്താവ് വിളിച്ച് സ്ഥിരം ശല്യമായതോടെയാണ് പണം നല്‍കിയത്. മരുന്നിനും ഭക്ഷണത്തിനുമാണ് പണം നല്‍കിയത്. അവളുടെ ഭര്‍ത്താവ് ഓട്ടോ ഡ്രൈവറാണ്. ആശുപത്രിയുടെ പുറത്ത് വെച്ചാണ് കുഞ്ഞിനെ കൈമാറിയത്. ഏഴ് ദിവസം കുഞ്ഞിനെ വീട്ടില്‍ സംരക്ഷിച്ചിരുന്നു. നിയമപരമായി തെറ്റായിരുന്നുവെന്ന് അറിയില്ലായിരുന്നു. ദത്തെടുക്കാന്‍ കഴിയുമെങ്കില്‍ ആ കുഞ്ഞിനെ തന്നെ എടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കരമന സ്വദേശിനി പറഞ്ഞു.
പ്രസവത്തിനായി അഡ്മിറ്റ് ആയപ്പോള്‍ യുവതി ആശുപത്രിക്ക് നല്‍കിയത് തെറ്റായ വിവരങ്ങളാണ്. പ്രസവത്തിനായി യുവതി അഡ്മിറ്റ് ആയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനിയായ വ്യക്തിയുടെ പേരിലാണ്. മേല്‍വിലാസം നല്‍കിയതും കുട്ടിയെ വാങ്ങിയവരുടെ പേരിലാണ്.