LogoLoginKerala

ദുരന്തകാരണം റെയില്‍വെയുടെ കുറ്റകരകമായ വീഴ്ച, സിഗ്നലിംഗില്‍ ഗുരുതര പോരായ്മകള്‍

ആദ്യ അപകടം നടന്ന് 10 മിനിറ്റ് ലഭിച്ചിട്ടും രണ്ടാമത്തെ അപകടം തടയാനായില്ല
 
train tragedy


ഡല്‍ഹി- റെയില്‍വെയുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഒഡീഷയില്‍ മൂന്നൂറോളം പേര്‍ മരിച്ച ട്രെയിന്‍ അപകടത്തിന് വഴിവെച്ചതെന്ന് വിദഗ്ധര്‍. ഇന്ത്യയിലെ ഏറ്റവും നിലവാരമുള്ള റെയില്‍വെ ലൈനുകളാണ് ഒഡീഷയിലേതെന്ന് നരേന്ദ്രമോഡി ഒഡീഷയിലെ ആദ്യത്തെ ഹൗറ- പുരി വന്ദേഭാരത് എക്‌സ്പ്രസ് ഫ്്‌ളാഗ്്ഓഫ് ചെയ്തുകൊണ്ട് പറഞ്ഞിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. എന്നാല്‍ യാഥാര്‍ഥ്യം അതല്ലെന്നാണ് ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തം കാണിക്കുന്നത്. കോറോമാണ്ടല്‍ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞ് പത്തു മിനിറ്റ് കഴിഞ്ഞാണ് യശ്വന്ത്പുര്‍- ഹൗറ എക്സ്പ്രസ് ഇതിലേക്ക് ഇടിച്ചു കയറിയത്. ആദ്യ അപകടത്തിന് ശേഷം പത്തു മിനിറ്റുണ്ടായിട്ടും ഹൗറ എക്‌സ്പ്രസിനെ അടിയന്തരമായി നിര്‍ത്താന്‍ കഴിയാതിരുന്നത് ഇന്ത്യന്‍ റെയില്‍വെയുടെ സിഗ്നലിംഗ് സംവിധാനത്തിന്റെ വലിയ പോരായ്മയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

താരതമ്യേന വേഗത കുറഞ്ഞ ട്രെയിനാണ് ഇവിടെ അപകടത്തില്‍ പെട്ടതെങ്കില്‍ വന്ദേഭാരത് പോലുള്ള അതിവേഗ ട്രയിനുകള്‍ നിലവിലെ ട്രാക്കുകളില്‍ എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഉത്തരേന്ത്യയില്‍ ട്രെയിനുകള്‍ യാത്രക്കാരെ കുത്തിനിറച്ചാണ് സര്‍വീസ് നടത്തുന്നത്. റിസര്‍വേഷന്‍ കോച്ചുകളില്‍ പോലും ആളുകള്‍ ഇടിച്ചുകയറി യാത്ര ചെയ്യുന്നത് പതിവ് കാഴ്ചയാണ്. അശാസ്ത്രീയമായ ഇത്തരം ട്രെയിന്‍ സര്‍വീസുകളാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നത്.

ദീര്‍ഘദൂര ട്രെയിനായ കോറമണ്ടല്‍ എക്‌സ്പ്രസ് ഈ റൂട്ടില്‍ 130 കിലോ മീറ്റര്‍ വരെ വേഗത്തിലാണ് ഓടാറുള്ളത്. അപകടം നടക്കുമ്പോള്‍ ഇത്രയും വേഗം ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അഞ്ച് ട്രാക്കുകളുള്ള ഈ ഭാഗത്ത് മൂന്നാമത്തെ ട്രാക്കിലൂടെ കുതിച്ചെത്തിയ കോറമണ്ഡല്‍ എക്‌സ്പ്രസ് മറ്റൊരു ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ ഇടിച്ചു കയറിയത് എ്ങ്ങനെയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സിഗ്നലിംഗിലെ തകരാറോ ട്രാക്കിലെ തകരാറോ ആകാം അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്.

ഇന്ത്യയില്‍ റെയില്‍വെ അപകടങ്ങളുണ്ടാകുമ്പോഴൊക്കെ ഉന്നത തല അന്വേഷണങ്ങള്‍ നടക്കാറുണ്ടെങ്കിലും അതെല്ലാം ഉന്നതരെ രക്ഷിക്കുന്നതിനുള്ള അന്വേഷണമായാണ് പരിണമിക്കാറുള്ളത്. യഥാര്‍ഥ കാരണം മറച്ചുവെച്ച് യുക്തിക്ക് നിരക്കാത്ത കണ്ടെത്തലുകള്‍ നടത്തുന്നതില്‍ ഇന്ത്യന്‍ റെയില്‍വെക്ക് കുപ്രസിദ്ധിയുണ്ട്. ബാലസോര്‍ അപകടത്തിന്റെ കാരണം അന്വേഷിക്കുമ്പോഴും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ കാലത്ത് ഇതിലും വലിയ ദുരന്തങ്ങള്‍ക്ക് രാജ്യം സാക്ഷിയാകേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.