LogoLoginKerala

കാല്‍ലക്ഷം കോടിയുടെ മയക്കുമരുന്ന്; പടിയിലായ സുബൈര്‍ ഇറാന്‍ പൗരന്‍

പ്രതിക്ക് വേണ്ടി കേസ് വാദിക്കുന്നത് അഡ്വ. ആളൂര്‍
 
subair

കൊച്ചി- 25,000 കോടി രൂപയുടെ മെത്തംഫെറ്റമിന്‍ മയക്കുമരുന്നുമായി പിടിയിലായ സുബൈര്‍ എന്നയാള്‍ ഇറാന്‍ പൗരനെന്ന് ഇയാളുടെ അഭിഭാഷകനായ ബി എ ആളൂര്‍. ഇയാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ ഇയാളുമായി സംസാരിച്ചെന്നും പാക്കിസ്ഥാനില്‍ ജോലി ചെയ്യുന്ന ഇറാനിയാണ് എന്ന് അറിയിച്ചതായും അഡ്വ. ആളൂര്‍ പറയുന്നു. പ്രതി ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കുന്നുണ്ടെന്നും ആശയവിനിമയത്തിന് തടസമില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് സുബൈറിനെ മട്ടാഞ്ചേരി ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പ്രതിക്ക് വേണ്ടി ഹാജരായത് ആളൂര്‍ അസോസിയേറ്റ്‌സ് ആണ്. അഡ്വ. ബി എ ആളൂരിന് പ്രതി വക്കാലത്ത് നല്‍കിയതായാണ് സൂചന. കോളിളക്കം സൃഷ്ടിക്കുന്ന കേസുകളില്‍ പ്രതികളുടെ വക്കാലത്ത് അങ്ങോട്ട് ചെന്ന് ഏറ്റെടുത്ത് വാര്‍ത്ത സൃഷ്ടിക്കുന്ന ആളാണ് ബി എ ആളൂര്‍. കുപ്രസിദ്ധരായ പ്രതികളെ ഇയാള്‍ കേസുകളില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മെത്തംഫെറ്റമിനുമായി വന്ന കപ്പലിനെ പുറംകടലില്‍ ഇന്ത്യന്‍ നേവി വളഞ്ഞതോടെ സ്പീഡ് ബോട്ടുകളില്‍ പ്രതികള്‍ രക്ഷപ്പെടുന്നതിനിടയിലാണ് ഇക്കൂട്ടത്തിലൊരാളായ സുബൈറിനെ നേവി പിടികൂടിയത്. ഇയാളെ എന്‍ ഐ എയും ഡി ആര്‍ ഐയുമടക്കമുള്ള ഏജന്‍സികള്‍ ഇന്നലെ കൊച്ചിയിലെ എന്‍ സി ബി ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഒരുങ്ങുന്നത്.