LogoLoginKerala

'താമര'സഖ്യത്തിനായി പ്രോഗ്രസീവ് പാര്‍ട്ടി പ്രഖ്യാപിച്ച് വി.വി അഗസ്റ്റിനും ജോണി നെല്ലൂരും

 
npp

കൊച്ചി- ദേശീയ മൈനോരിറ്റി കമ്മീഷന്‍ മുന്‍ അംഗം വി.വി. അഗസ്റ്റിന്റെയും കേരള കോണ്‍ഗ്രസ്(ജോസഫ്) വിഭാഗത്തില്‍ നിന്നും രാജിവെച്ച മുന്‍എം.എല്‍.എ ജോണി നെല്ലൂരിന്റെയും നേതൃത്വത്തില്‍ നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി(എന്‍.പി.പി) എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. എറണാകുളത്ത്് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാര്‍ടിയുടെ പ്രഖ്യാപനം നടന്നത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിച്ച് ആവശ്യങ്ങള്‍ ബോധിപ്പിക്കുമെന്ന് ആണ് പാര്‍ടിയുടെ ചെയര്‍മാന്‍ വി.വി അഗസ്റ്റിനും വര്‍ക്കിംഗ് ചെയര്‍മാന്‍ ജോണി നെല്ലൂരും അറിയിച്ചു.
ജോണി നെല്ലൂരിനു പിന്നാലെ ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച മുന്‍ എം.എല്‍.എ മാത്യു സ്റ്റീഫനാണ് വൈസ് ചെയര്‍മാന്‍. കെ.ഡി ലൂയിസ ആണ്് മറ്റൊരു വൈസ് ചെയര്‍മാന്‍. സണ്ണി തോമസ്, അഡ്വ.ജോയി അബ്രാഹം, തമ്പി എരുമേലിക്കര, സി.പി സുഗതന്‍,എലിസബത്ത് കടവന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്. ഡോ.ജോര്‍ജ്ജ് അബ്രാഹമാണ് ട്രഷറര്‍.  പാര്‍ട്ടിയുടെ പേരും പതാകയും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ  അടുത്ത ആഴ്ച  തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കുമെന്ന് ചെയര്‍മാന്‍ വി വി ആഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വരുന്ന മൂന്നു മാസത്തിനുള്ളില്‍ ഒരു ലക്ഷം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളത്ത് പാര്‍ട്ടിയുടെ  വിപുലമായ സമ്മേളനം നടത്തും. ഒപ്പം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും വി.വി അഗസ്റ്റിന്‍ പറഞ്ഞു.
സ്വതന്ത്രമായ നിലാപാടോടെയാണ് എന്‍.പി.പി എന്ന പാര്‍ട്ടി നിലകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതെന്നും വി.വി.അഗസ്റ്റിന്‍ പറഞ്ഞു. നിലിവില്‍ ഏതെങ്കിലും പാര്‍ട്ടികളുമായോ മുന്നണികളുമായോ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. സ്വന്തമായ നി്ലയില്‍ ശക്തി ആര്‍ജ്ജിച്ചതിനു ശേഷമേ മുന്നണി കൂട്ടായ്മയ്ക്കായി ശ്രമിക്കുകയുളളുവെന്നും വി.വി അഗസ്റ്റിന്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകരുടെയും സാധാരണക്കാരുടെയും ഉന്നമനമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. റബ്ബറിന് 300 രൂപ വില ഏര്‍പ്പെടുത്തണമെന്നും റബ്ബര്‍,നെല്ല്,നാളികേരം അടക്കമുള്ള കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പഠിച്ച് അവരെ സഹായിക്കുന്നതിനായി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ കമ്മീഷന്‍ രൂപീകരിക്കണമെന്നും വി.വി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. മല്‍സ്യതൊഴിലാളുടെ ദുരിത പൂര്‍ണ്ണമായ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണം. ചെറുകിട വ്യാപാരികളെ സഹായിക്കാനും നടപടി വേണമെന്നും വി.വി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.
ലോകത്തിലെ മുന്‍നിര നേതാക്കളില്‍ മുമ്പിലാണ് പ്രധാന മന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തെ  ഡല്‍ഹിയിലെത്തി  കാണുമെന്നും പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കുമെന്നും വി വി അഗസ്റ്റിന്‍ പറഞ്ഞു. മറ്റു പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും വരും ദിവസങ്ങളില്‍ എന്‍.പി.പിയിലേക്ക് വരുമെന്ന്  വര്‍ക്കിംഗ് ചെയര്‍മാന്‍ ജോണി നെല്ലുര്‍ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ,സാമുദായിക സംഘടനകളോട് മാത്രമായി പ്രത്യേക മമതയോട അയിത്തമോ തങ്ങള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തെ ബഫര്‍ സോണില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടും. കേരളത്തില്‍ ഫിഷറീസ് മന്ത്രാലയം ആരംഭിക്കണമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. 14 ജില്ലകളിലെയും ജനങ്ങളുടെ മനസറിഞ്ഞ ശേഷമാണ് എന്‍.പി.പി എന്ന പാര്‍്ട്ടി രൂപീകരിച്ചതെന്ന് വൈസ് ചെയര്‍മാന്‍ മാത്യു സ്റ്റീഫന്‍ പറഞ്ഞു.കെ.ഡി ലൂയിസ്,സി.പി സുഗതന്‍,ഡോ.ജോര്‍ജ്ജ് അബ്രാഹം,സണ്ണി തോമസ്,തമ്പി എരുമേലിക്കര,അഡ്വ.ജോയി അബ്രാഹം തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.