LogoLoginKerala

സ്വപ്‌നക്കെതിരെ നിയമനടപടി, എം വി ഗോവിന്ദന്‍ വെട്ടിലായി

കേസ് കൊടുക്കാത്ത മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ വ്യാപക വിമര്‍ശനം
 
 
mv govindan swapna suresh
പൊതു സമൂഹത്തില്‍ ആരോപണങ്ങള്‍ ഇത്രയധികം ചര്‍ച്ചയാകുമ്പോഴും എന്തുകൊണ്ടാണ് നേതാക്കള്‍ സ്വപ്‌നക്കെതിരെ നിയമനടപടി സ്വീകരിക്കാത്തതെന്ന ചോദ്യം ജനങ്ങള്‍ക്കിടയില്‍ സജീവമാണ്. 

സ്വപ്‌ന സുരേഷിന്റെ ആരോപണത്തിനെതിരെ ആയിരം വട്ടം നിയമനടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിലപാടില്‍ നിന്ന് പിന്‍മാറുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും മറ്റ് പല സി പി എം നേതാക്കള്‍ക്കുമെതിരെ സ്വപ്‌ന സുരേഷ് അതീവഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ആരും മാനനഷ്ടക്കേസിന് പോകാത്ത സാഹചര്യത്തില്‍ എം വി ഗോവിന്ദന്‍ മാത്രമായി മാനനഷ്ടക്കേസിന് പോകുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് ഗോവിന്ദന്‍ മാസ്റ്റര്‍ മലക്കംമറിയുന്നത്. 
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മകന്‍ വിവേക് എന്നിവര്‍ക്കും മുന്‍ മന്ത്രിമാരായ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍, മുന്‍സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സി എം രവീന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്കെതിരെ സ്വപ്‌നാ സുരേഷ് അഴിമതിയും സ്വജനപക്ഷപാതവും ലൈംഗിക ആരോപണവും വരെ ഉന്നയിച്ചെങ്കിലും ആരും ഇതുവരെ സ്വപ്‌നക്കെതിരെ മാനനഷ്ടക്കേസിന് പോയിട്ടില്ല. പൊതു സമൂഹത്തില്‍ ആരോപണങ്ങള്‍ ഇത്രയധികം ചര്‍ച്ചയാകുമ്പോഴും എന്തുകൊണ്ടാണ് നേതാക്കള്‍ സ്വപ്‌നക്കെതിരെ നിയമനടപടി സ്വീകരിക്കാത്തതെന്ന ചോദ്യം ജനങ്ങള്‍ക്കിടയില്‍ സജീവമാണ്. 
ഈ ഘട്ടത്തിലാണ് സ്വപ്‌ന സുരേഷ് എം വി ഗോവിന്ദനെതിരെ ഗുരുതരമായ ആരോപണമുന്നയിക്കുന്നത്. കേസ് ഒത്തുതീര്‍ക്കാനും തെളിവുകള്‍ കൈമാറാനും നാടുവിട്ടു പോകാനുമായി 30 കോടി ഇടനിലക്കാരന്‍ വഴി ഗോവിന്ദന്‍ മാസ്റ്റര്‍ വാഗ്ദാനം ചെയ്തുവെന്നായിരുന്നു ആരോപണം. പിറ്റേ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ഇതേക്കുറിച്ച് പ്രതികരിച്ച ഗോവിന്ദന്‍ മാസ്റ്ററോട് നിയമനടപടി സ്വീകരിക്കാന്‍ ധൈര്യമുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ആയിരം വട്ടം നിയമനടപടിയെടുക്കാന്‍ ധൈര്യമുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. 
ഇതോടെ ഗോവിന്ദന്‍ മാസ്റ്ററെ പുകഴ്ത്തിയും കേസ് കൊടുക്കാന്‍ ധൈര്യം കാണിക്കാത്ത മുഖ്യമന്ത്രിയടക്കമുള്ളവരെ ഇകഴ്ത്തിയും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടന്നു. പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്നാണ് വിമര്‍ശനമുയര്‍ന്നത്. പ്രതിപക്ഷ നേതാക്കളും ഇത് ഏറ്റെടുത്തു. ആരോപണം നേരിടുന്നവര്‍ സ്വപ്‌നക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാത്തത് സ്വപ്‌ന കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന ഭയം കൊണ്ടാണെന്ന് അവര്‍ പരിഹസിച്ചു. അപകടം മനസ്സിലാക്കിയ ഗോവിന്ദന്‍ മാസറ്റര്‍ കളം മാറ്റിച്ചവിട്ടുകയാണ്. 
ഇന്ന് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇതേക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അദ്ദേഹം നല്‍കിയ പ്രതികരണം നിയമനടപടി ആവശ്യമില്ലെന്ന തരത്തിലാണ്. മാനനഷ്ടക്കേസുമായി നടക്കലല്ല, മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ടെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മടിയില്‍ കനം ഉണ്ടെങ്കിലേ വഴിയില്‍ ഭയപ്പെടേണ്ടതുള്ളൂവെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. മുഖ്യമന്ത്രിക്ക് മറ്റെന്തെല്ലാം പണിയുണ്ട്. ഇങ്ങനെ മാനനഷ്ടക്കേസ് കൊടുക്കാനാണോ പണി. മുഖ്യമന്ത്രിയുടെ മാനനഷ്ടത്തിനായി നിങ്ങള്‍ ആയിരം വട്ടം ശ്രമിച്ചാലും കേരളത്തിലെ ഈ മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടുപോകില്ല. ആ ഉറപ്പ് ഞങ്ങള്‍ക്കുണ്ട്. സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങളില്‍ സിപിഎമ്മിന് ഒരു ചുക്കുമില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വപ്‌ന അടക്കമുള്ള സ്വര്‍ണക്കടത്തുകാര്‍ക്കെതിരെയെടുത്ത കേസില്‍ ഞങ്ങള്‍ക്കെന്താണ് പ്രശ്‌നം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അല്ലേ കേസെടുത്തത്. ആര് എന്ത് വേണമെങ്കിലും വെളിപ്പെടുത്തട്ടെ- അദ്ദേഹം പറഞ്ഞു. അതേസമയം മുന്‍ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കെല്ലാം സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങളില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാമെന്നും പാര്‍ട്ടി നിയന്ത്രണമൊന്നുമില്ലെന്നും ചോദ്യത്തിന് മറുപടിയായി എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.