LogoLoginKerala

സ്വപ്‌നാ സുരേഷിന് എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്

 
mv govindan swapna suresh

മാപ്പുപറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് നിയമ നടപടി

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം പിന്‍വലിച്ച് നാടുവിടുന്നതിന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ 30 കോടി രൂപ ഇടനിലക്കാരന്‍ വഴി വാഗ്ദാനം ചെയ്‌തെന്ന് ആരോപിച്ച സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് വക്കില്‍ നോട്ടീസയച്ച് ഗോവിന്ദന്‍ മാസ്റ്റര്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ആരോപണം പിന്‍വലിച്ച് സ്വപ്‌നാ സുരേഷ് മാധ്യമങ്ങളിലൂടെ മാപ്പു പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. 
സ്വപ്‌നയുടെ ആരോപണം രാഷ്ട്രീയ പ്രവര്‍ത്തകനായ തനിക്ക് അപകീര്‍ത്തിയുണ്ടാക്കി. ആരോപണം വസ്തുതാവിരുദ്ധവും പച്ചക്കള്ളവുമാണ്. തനിക്കോ കുടുംബത്തിനോ ഇടനിലക്കാരന്‍ എന്ന് സ്വപ്‌ന പറയുന്ന വിജേഷ് പിള്ളയെ അറിയില്ല. ആരോപണം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ സ്വപ്‌നക്കെതിരെ സിവില്‍ ക്രിമിനല്‍ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു. വിജേഷ് പിള്ളക്കും നോട്ടീസ് അയച്ചിട്ടുണ്ട്. 
സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബാംഗ്ലൂര്‍ പോലീസ് അന്വേഷണം തുടരുകയാണ്. പ്രതി വിജേഷ് പിള്ള ഒളിവിലെന്നാണ് കര്‍ണാടക പൊലീസ് പറയുന്നു. വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബംഗളുരു വൈറ്റ് ഫീല്‍ഡ് ഡിസിപി വ്യക്തമാക്കി. വിജേഷ് പിള്ളയ്ക്ക് വാട്‌സാപ്പ് വഴിയാണ് സമന്‍സ് നല്‍കിയത്. അതിനോട് വിജേഷ് പിള്ള ഇത് വരെ പ്രതികരിച്ചിട്ടില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. എത്രയും പെട്ടെന്ന് കെ ആര്‍ പുര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് സമന്‍സ് നല്‍കിയത്. വിജേഷ് പിള്ളയെ കണ്ടെത്താന്‍ ആവശ്യമെങ്കില്‍ കേരളാ പോലീസിന്റെ സഹായം തേടുമെന്നും ഡിസിപി എസ് ഗിരീഷ് വ്യക്തമാക്കി.
എന്നാല്‍ താന്‍ ഒളിവിലല്ലെന്നും പോലീസിന്റെ സമന്‍സ് കിട്ടിയിട്ടില്ലെന്നുമുള്ള നിലപാടിലാണ് വിജേഷ് പിള്ള. തന്റെ ഫോണ്‍ സ്വിച്ചോഫ് ചെയ്തിട്ടില്ലെന്നും തെറ്റായ നമ്പറിലേക്കായിരിക്കാം പോലീസ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും ഇയാള്‍ പറയുന്നു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഇയാള്‍ അറിയിച്ചു.