മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ സ്വപ്‌നക്കെതിരെ സി പി എം കോടതിയില്‍
കണ്ണൂര്‍-മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണമുന്നയിച്ച സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അപകീര്‍ത്തി കേസുമായി കോടതിയില്‍. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എം വി ഗോവിന്ദന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് പിന്മാറാന്‍ വേണ്ടി വിജേഷ് പിള്ള വഴി മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. ഇതിനെതിരെയാണ് എംവി ഗോവിന്ദന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
സ്വപ്‌ന സുരേഷിന്റെ ആരോപണത്തിനെതിരെ നേരത്തെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയും പിന്നാലെ തളിപ്പറമ്പ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സ്വപ്ന സുരേഷിനും, വിജേഷ് പിള്ളക്കുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. പിന്നാലെ സ്വപ്ന സുരേഷ് കോടതിയെ സമീപിച്ച് എഫ്‌ഐആറില്‍ സ്റ്റേ വാങ്ങിച്ചു. തുടര്‍ന്ന് അന്വേഷണം പൂര്‍ണമായും തടസ്സപ്പെട്ടു. ഇതിന് പിന്നാലെയാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നത്.
എം വി ഗോവിന്ദന്‍ പറഞ്ഞിട്ടാണ് വിജേഷ് പിള്ള കേസില്‍ നിന്ന് പിന്‍മാറാന്‍ പണം വാഗ്ദാനം ചെയ്തതെന്ന് സ്വപ്‌ന ആരോപിച്ചിരുന്നു. ഈ ആരോപണത്തില്‍ എം ഗോവിന്ദന്‍ നേരത്തെ തന്നെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.