ട്രെയിന്‍ തീവയ്പ്: ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി, കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു

കോഴിക്കോട് - ഇലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ട്രെയിന്‍ തീവെപ്പിനിടെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേരുടെ മരണവുമായി ബന്ധപ്പെട്ടാണ് കൊലക്കുറ്റം ചുമത്തിയത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അപേക്ഷ നല്‍കി. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യം അന്വേഷണ സംഘത്തിന്റെ പരിഗണനയിലുണ്ട്.
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ കോഴിക്കോട് സ്വദേശി രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫിക്ക് എന്നിവരെയാണ് ഞായറാഴ്ച രാത്രി ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തുചാടിയതിനിടെയാണ് ജീവന്‍ നഷ്ടമായത്.
ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.വി മനേഷ് ആശുപത്രിയിലെത്തി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ആശുപത്രി സെല്ലില്‍ കേരള പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.