LogoLoginKerala

ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റംനിലനില്‍ക്കും: ഹൈക്കോടതി

 
sreeram vengattaraman

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ കൊലപാതകത്തില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം സെഷന്‍സ് കോടതിക്കെതിരായ സര്‍ക്കാരിന്റെ റിവിഷന്‍ ഹരജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. നരഹത്യ കുറ്റം നിലനില്‍ക്കില്ല എന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ഹരജിയിലെ വാദം. ഇത് കോടതി തള്ളുകയായിരുന്നു.
നേരത്തെ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കിയിരുന്നു. ബഷീര്‍ വാഹനം ഇടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും സമര്‍പ്പിച്ച വിടുതല്‍ ഹരജി വിചാരണ കോടതി തള്ളിയെങ്കിലും നരഹത്യാകേസ് ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. നരഹത്യാക്കുറ്റം പുനഃസ്ഥാപിച്ച് വിചാരണ നടത്തണം എന്നാണ് സര്‍ക്കാര്‍ ഹരജിയിലൂടെ ആവശ്യപ്പെട്ടത്.
നരഹത്യാകുറ്റത്തിന്റെ കാര്യത്തില്‍ കാര്യമായ വസ്തുതകള്‍ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നാണ് വാദം. ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴി വിശദമായി പരിശോധിച്ചില്ല. ആശുപത്രി ജീവനക്കാരുടെ മൊഴിയിലും ശ്രീറാം മദ്യപിച്ചിരുന്നു എന്നുണ്ടായിരുന്നു. അതുകൊണ്ട് നരഹത്യവകുപ്പ് നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി നരഹത്യാ കുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കാമെന്ന് വ്യക്തമാക്കിയാണ് കീഴ്‌കോടതി വിധി സ്റ്റേ ചെയ്തത്.