LogoLoginKerala

ഗുസ്തി താരങ്ങളുടെ സമരം 17 ദിവസം പിന്നിടുന്നു, പിന്തുണയുമായി കൂടുതല്‍ കര്‍ഷകര്‍ എത്തും

 
farmers support wrestlers

ന്യൂഡല്‍ഹി- ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം പതിനേഴു ദിവസം പിന്നിടുമ്പോള്‍ പിന്തുണയുമായി ഇന്ന് കൂടുതല്‍ കര്‍ഷകര്‍ സമരപ്പന്തലില്‍ എത്തും. ഈ മാസം 21ന് മുന്‍പ് ബ്രിജ് ഭൂഷണിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന അന്ത്യശാസനം. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ 21ന് ശേഷം സമരത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കാനാണ് കര്‍ഷക സംഘടനകളുടെയും കായിക താരങ്ങളുടെയും നീക്കം. ഇടത് വിദ്യാര്‍ത്ഥി യുവജന സംഘടനകളും ഇന്ന് സമരം ചെയ്യുന്ന താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജന്തര്‍ മന്തറില്‍ എത്തും.

സമരത്തിന് കൂടുതല്‍ കര്‍ഷകര്‍ എത്തുന്നതിനാല്‍ ജന്തര്‍ മന്തറിലെ ബാരിക്കേഡുകള്‍ പൊലീസ് ഇന്നലെ വെല്‍ഡ് ചെയ്തും സിമന്റ് ഇട്ടും ഉറപ്പിച്ചിരിക്കുകയാണ്. ജനപങ്കാളിത്തം ഇരട്ടിയായ സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷയും പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പൊലീസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. മദ്യപിച്ചെത്തിയ പൊലീസുകാര്‍ തങ്ങളെ ലക്ഷ്യം വെച്ച് ആക്രമിച്ചുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. പൊലീസുകാര്‍ മര്‍ദിച്ചു, വനിതാ റെസ്ലിംഗ് താരങ്ങളോട് മോശമായി പെരുമാറി തുടങ്ങിയ ഗുരുതര ആരോപണങ്ങളും താരങ്ങള്‍ ഉയര്‍ത്തിയിരുന്നു.