LogoLoginKerala

ബാഗ് നഷ്ടപ്പെട്ടില്ലെങ്കില്‍ ഷാരൂഖ് സെയ്ഫി അടുത്ത ബോഗിയിലും തീവെക്കുമായിരുന്നുവെന്ന് പോലീസ്

 
shahrukh saifi bag
ബാഗുമായി രക്ഷപ്പെട്ടിരുന്നെങ്കില്‍ സെയ്ഫിയെ കണ്ടെത്താന്‍ ഇപ്പോഴും കഴിയുമായിരുന്നില്ലെന്നും പോലീസ്‌

കോഴിക്കോട്- ഷാരൂഖ് സെയ്ഫിയുടെ ബാഗ് ട്രെയിന്‍ തീവെയ്പിനിടെ നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍ എലത്തൂരില്‍ വെച്ച് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ മറ്റൊരു ബോഗിയില്‍ കൂടി തീവെയ്പ് നടക്കുമായിരുന്നുവെന്ന് പോലീസ്. ബാഗുമായി രക്ഷപ്പെടാന്‍ പ്രതിക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ ഇപ്പോഴും പ്രതിയെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു സൂചന പോലും ലഭിക്കാന്‍ സാധ്യതയില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. 
രണ്ട് ക്യാനുകളിലായി നാല് ലിറ്റര്‍ പെട്രോളാണ് ഇയാള്‍ വാങ്ങിയതെന്നാണ് പരിശോധനയില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. ഇതില്‍ പകുതി മാത്രമാണ് ഇയാള്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു കുപ്പി ഇയാളുടെ ബാഗിലാണ് ഉണ്ടായിരുന്നത്. ബാഗ് തിരക്കിനിടയില്‍ ട്രെയിനിന് പുറത്തേക്ക് വീണുപോയെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. ബാഗ് നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍ ബാഗില്‍ ശേഷിച്ച പെട്രോള്‍ ഉപയോഗിച്ച് അടുത്ത ബോഗിയിലും ഇയാള്‍ സമാനമായ ആക്രമണം നടത്താന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് പോലീസ് കരുതുന്നു. 
ഇയാളുടെ നഷ്ടപ്പെട്ട ബാഗില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് എളുപ്പത്തില്‍ അന്വേഷണം പ്രതിയിലേക്ക് എത്താനിടയാക്കിയത്. ഇയാളുടെ പേരും സ്ഥലവും ലക്ഷ്യസ്ഥാനങ്ങളും എഴുതിയ ഡയറിയും ഒരു ഫോണുമടക്കമുള്ള സാധനങ്ങള്‍ ബാഗിലുണ്ടായിരുന്നു. ഇതിലെ വിലാസത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാരൂഖ് സെയ്ഫാണെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് മനസ്സിലാകുന്നത്. ഇയാള്‍ക്ക് ആറ് സിംകാര്‍ഡുകളുണ്ടായിരുന്നുവെന്ന വിവരവും നമ്പറുകളും പോലീസിന് ലഭിച്ചത് ഇയാളുടെ വീട്ടില്‍ നിന്നാണ്. ഈ നമ്പറുകള്‍ വിവിധ ഏജന്‍സികളുടെ സൂക്ഷ്മനിരീക്ഷണത്തിലായിരുന്നു. ഇതിലൊരു നമ്പര്‍ രത്‌നഗിരിയില്‍ വെച്ച് ആക്ടീവായതോടെയാണ് അന്വേഷണ ഏജന്‍സികള്‍ ഇയാളിലേക്ക് നേരിട്ട് എത്തിയത്. 
ബാഗുമായി ഇയാള്‍ രക്ഷപ്പെട്ടിരുന്നുവെങ്കില്‍ ഒരിക്കലും കേരളത്തില്‍ വരാത്ത ഡല്‍ഹിയില്‍ നിന്ന് പുറത്തു പോകാത്ത ഷാരൂഖ് സെയ്ഫ് എന്ന സാധാരണ മരപ്പണിക്കാരനിലേക്ക് ഒരിക്കലും അന്വേഷണം എത്തിച്ചേരാന്‍ സാധ്യതയില്ലായിരുന്നു.