LogoLoginKerala

പ്രവചനം പാളി, കാലവര്‍ഷം ഇന്നെത്തില്ല, ലക്ഷദ്വീപില്‍ നിന്ന് മുന്നേറിയില്ല

 
monsoon

തിരുവനന്തപുരം- ഇന്ന് കേരളത്തിലെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രവചിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാതെ കേരളതീരത്തേക്ക് നീങ്ങാതെ ലക്ഷദ്വീപില്‍ നിലയുറപ്പിച്ചു. കാലവര്‍ഷം കേരളത്തിലെത്താന്‍ ഇനിയും മൂന്നോ നാലോ ദിവസം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ അറിയിപ്പ്.

രണ്ട് ദിവസം മുമ്പ് തന്നെ കാലവര്‍ഷം മാലിദ്വീപ്, ശ്രീലങ്കയുടെ പകുതി എന്നിവ പിന്നിട്ട് ലക്ഷദ്വീപില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇന്നും നാളെയുമായി ഉച്ച കഴിഞ്ഞ് കേരളത്തില്‍ ചില പ്രദേശങ്ങളിലായി കിട്ടുന്ന വേനല്‍ മഴയോടെ ഈ വര്‍ഷത്തെ വേനല്‍ മഴ പിന്‍വാങ്ങുമെന്നും ശനിയാഴ്ച രാത്രിയോടെയോ ഞായറാഴ്ച പുലര്‍ച്ചെയോടെയോ ആദ്യഘട്ട കാലവര്‍ഷമഴ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രദേശങ്ങളില്‍ വ്യാപകമായി തന്നെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രവചനം. എന്നാല്‍ ലക്ഷദ്വീപില്‍ നിന്ന് മുന്നേറാന്‍ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടില്ലെന്നാണ് പുതിയ. സൂചന.

ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കാലവര്‍ഷത്തിന്റെ വരവ് കാലാവസ്ഥാവകുപ്പ് പ്രഖ്യാപിക്കുന്നത്. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കണം. മാലദ്വീപ്, ലക്ഷദ്വീപുമുതല്‍ കേരളതീരംവരെ സ്ഥായിയായ മേഘാവരണം ഉണ്ടാകണം. കേരളത്തിലെ 14 മഴനിരീക്ഷണ കേന്ദ്രങ്ങളില്‍ 60 ശതമാനത്തിലും രണ്ടുദിവസം തുടര്‍ച്ചയായി രണ്ടരമില്ലിമീറ്ററോ അതിലധികമോ മഴ പെയ്യണം. ഇതൊന്നും ഉണ്ടായിട്ടില്ല. തിങ്കളാഴ്ചയോടെ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. രണ്ടുദിവസത്തിനകം അത് ന്യൂനമര്‍ദമാകാനും സാധ്യതയുണ്ട്. രണ്ടുദിവസംകൂടി നിരീക്ഷിച്ചശേഷമേ കാലവര്‍ഷത്തിന്റെ വരവ് പ്രഖ്യാപിക്കുകയുള്ളൂ.

ജൂണ്‍ 5ന് അറബിക്കടലില്‍ രൂപമെടുക്കും എന്ന് കണക്ക് കൂട്ടുന്ന ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാതയില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇത് കൊങ്കന്‍ തീരത്തിന് സാമാന്തരമായി സഞ്ചരിച്ച് മഹാരാഷ്ട്ര ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങനാണ് സാധ്യത. ഈ സമയം ബംഗാള്‍ ഉല്‍ക്കടലിലും ഒരു ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം പ്രകടമാകും. കുറച്ച് മേഘങ്ങളെ കേരളത്തില്‍ മുകളിലൂടെ എത്തിച്ച് ഇവിടെ മഴ നല്‍കാന്‍ ഈ ന്യൂനമര്‍ദത്തിന് കഴിയും.

കേരളത്തില്‍ നല്ല ചൂടുള്ള കാലാവസ്ഥയാണ് ഇപ്പോള്‍. കേരള തീരത്തോ, കേരളത്തിന് മുകളിലോ മഴ മേഘങ്ങള്‍ ഇല്ല. അറബി കടലില്‍ ന്യൂനമര്‍ദം രൂപം കൊള്ളുന്ന പ്രക്രിയ തുടങ്ങിയിട്ടുണ്ട്. സ്വാഭാവികമായും കരയിലെ ഈര്‍പ്പം അങ്ങോട്ട് പോകും. കരയില്‍ ചൂടും കൂടും. മഴ കാണില്ല. പക്ഷേ ന്യൂനമര്‍ദം സഞ്ചരിച്ചു തുടങ്ങുമ്പോള്‍ ഈര്‍പ്പം കരയിലേക്ക് തള്ളും. പിന്നെ അതി ശക്തമായ മഴ ലഭിക്കും.  ജൂണ്‍ 7-8 ഓടെയോ അതിനു ശേഷമോ കേരളത്തില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കാം.