LogoLoginKerala

മോന്‍സണ്‍ തന്റെ ശത്രുവല്ലെന്ന് കെ സുധാകരന്‍, പീഢനക്കേസില്‍ പെടുത്താന്‍ ഗൂഢാലോചന

 
k sudhakaran

കണ്ണൂര്‍-മോന്‍സണ്‍ മാവുങ്കലിന്റെ ശത്രുപക്ഷത്ത് നിര്‍ത്തേണ്ട കാര്യം തനിക്കില്ലെന്ന് കെ സുധാകരന്‍. തന്നെ സഹായിക്കുകയും സ്‌നേഹപൂര്‍വം പെരുമാറുകയും ചെയ്തിട്ടുള്ള ആളാണ്. പല കാര്യങ്ങളിലും താന്‍ ഏല്‍പിച്ചതെല്ലാം ചെയ്തു തന്നിട്ടുള്ളയാളാണ്. ഒരുപാട് ബന്ധങ്ങളുള്ള ആളാണ് മോന്‍സണ്‍. സംഭവിച്ച കാര്യങ്ങളില്‍ മോന്‍സണ് കുറ്റബോധമുണ്ടെന്നും മോന്‍സണ്‍ മാപ്പ് പറഞ്ഞതോടെ എല്ലാ പ്രശ്‌നവും തീര്‍ന്നുവെന്നും സുധാകരന്‍ പറയുന്നു. മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് പോക്‌സോ കേസില്‍ ജീവിതാവസാനം വരെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മോന്‍സനെ സുധാകരന്‍ ന്യായീകരിച്ചത്.

പോക്‌സോ കേസിലെ ഇരയെ പ്രായപൂര്‍ത്തിയായ ശേഷം പീഢിപ്പിച്ച കേസില്‍ തന്നെ പെടുത്താന്‍ ഗൂഢോലോചന നടക്കുന്നുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. മോന്‍സണ്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഈ പെണ്‍കുട്ടിയെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആ കുട്ടി കറുത്തതോ വെളുത്തതോ എന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

കേസിലെ പരാതിക്കാരെ തനിക്ക് അറിയില്ലെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു. മോന്‍സന്റെ വീട്ടില്‍ നടന്‍ ദേവനുമായി സംസാരിച്ചിരിക്കുമ്പോള്‍ ദൂരെ മാറി സോഫയില്‍ മൂന്നു പേര്‍ ഇരിക്കുന്നതു കണ്ടു. അവര്‍ പരാതിക്കാരില്‍ പെട്ടവരായിരുന്നുവെന്ന് പിന്നീടാണ് അറിയുന്നത്. അത്രമാത്രം ബന്ധമില്ലാത്ത ഈ ചെറുപ്പക്കാര്‍ തന്നെ ഈ കേസില്‍ കുടുക്കാന്‍ എന്തിന് ശ്രമിക്കുന്നുവെന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഇത്രയും ദിവസം. അവര്‍ക്ക് പിന്നില്‍ സി പി എമ്മാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഇല്ലാത്ത സംഭവം കെട്ടിച്ചമച്ച് രാഷ്ട്രീയ പ്രവര്‍ത്തകനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് അപമാനമാണ്. മനസ്സില്‍ പോലും തെറ്റ് ചെയതിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.