വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഫ്‌ലാഗ് ഓഫ് ചെയ്യും, കന്നിയാത്രയില്‍ ഭാഗമാകും

തിരുവനന്തപുരം- കേരളത്തിന് ലഭിച്ച ആദ്യ വന്ദേ ഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് 25ന് രാവിലെ തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.വന്ദേഭാരതത്തിന്റെ കന്നിയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാഗമാകുന്നത് പരിഗണനയിലുണ്ട്. ഉദ്ഘാടനത്തിന് ശേഷം തിരുവനന്തപുരം മുതല്‍ കൊല്ലം വരെ അദ്ദഹം യാത്ര ചെയ്യുമെന്നാണ് സൂചന.പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും. തമ്പാനൂരില്‍ നിന്നാകും ട്രെയിന്‍ യാത്ര ആരംഭിക്കുക. രാവിലെ 5.10ന് ട്രെയിന്‍ പുറപ്പെടും. ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തുന്ന രീതിയിലാണ സമയം ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരിച്ച് രാത്രി 9.20ന് തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഇക്കണോമി ക്ലാസില്‍ ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയാണ്. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിന് ഉണ്ടാകുക. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണം സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയുമായിരിക്കും. വിശദമായ നോട്ടിഫിക്കേഷന്‍ റെയില്‍വെ ഉടനിറക്കുമെന്നാണ് വിവരം. ഇന്നലെ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ആദ്യ ദിന ട്രെയല്‍ റണ്‍ പൂര്‍ത്തിയാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കായി 7 മണിക്കൂര്‍ 10 മിനിട്ട് എടുത്തപ്പോള്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രക്ക് 7 മണിക്കൂര്‍ 20 മിനിട്ടാണ് എടുത്തത്. മടക്ക യാത്രക്കായി 10 മിനിട്ട് അധികം എടുത്തെന്ന് സാരം. എന്നാലും ആദ്യ ദിന ട്രയല്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിന്‍ വന്ദേഭാരത് ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം കേരളത്തിലൂടെ ഓടുന്ന മറ്റ് ചില ട്രെയിനുകളും വന്ദേ ഭാരതും തമ്മുള്ള വേഗതയുടെ താരതമ്യത്തില്‍ 3 ട്രെയിനുകളും വന്ദേഭാരതും തമ്മില്‍ ഒരുപാട് സമയത്തിന്റെ വ്യത്യാസം ഉണ്ടാകില്ലെന്നതാണ് വ്യക്തമാകുന്നത്.
പുലര്‍ച്ചെ 5.09 ന് തലസ്ഥാനത്ത് നിന്ന് ഓടിത്തുടങ്ങിയ വന്ദേഭാരത് 3 മണിക്കൂര്‍ 18 മിനിറ്റ് സമയം കൊണ്ടാണ് എറണാകുളം നോര്‍ത്തില്‍ എത്തിയത്. തിരുവനന്തപുരത്തുനിന്ന് കയറുന്ന ഒരു യാത്രക്കാരന് ആലപ്പുഴ വഴിയുള്ള ജനശതാബ്ദിയിലും രാജധാനിയിലും ഇതേ സമയംകൊണ്ട് ഇതിലും കുറഞ്ഞ ചെലവില്‍ എറണാകുളത്ത് എത്താം. ആലപ്പുഴ വഴി ജനശതാബ്ദി 3 മണിക്കൂര്‍ 18 മിനിറ്റ് കൊണ്ടും രാജധാനി 3 മണിക്കൂര്‍ 15 മിനിറ്റ് കൊണ്ടും എറണാകുളത്ത് എത്തും. എന്നാല്‍ മലബാര്‍ എക്‌സ്പ്രസുമായി താരതമ്യം ചെയ്താല്‍ വന്ദേഭാരതില്‍ രണ്ടു മണിക്കൂര്‍ ഏഴു മിനിറ്റ് സമയലാഭം കിട്ടും.