ഈസ്റ്റര്‍ ആശംസയുമായി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി- ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സന്ദര്‍ശനം നടത്തി. ഇതാദ്യമായാണ് ഒരു ക്രൈസ്ത്രവ ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. കര്‍ണാടക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം നേരെ പള്ളിയിലെത്തുകയായിരുന്നു. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടൂര്‍, ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയ ഉന്നത മതമേലധ്യക്ഷന്മാര്‍ മോഡിയെ സ്വീകരിച്ചു.
ഇരുപത് മിനിറ്റോളം ദേവാലയത്തില്‍ ചെലവഴിച്ച പ്രധാനമന്ത്രി പള്ളിയില്‍ നടന്ന പ്രാര്‍ഥനയിലും പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരുന്നു പള്ളിയിലേക്ക് പ്രവേശനം. പള്ളിയങ്കണത്തില്‍ മോഡി വൃക്ഷത്തൈ നട്ടു. മോഡിയുടെ സന്ദര്‍ശനം സന്തോഷകരമാണെന്ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര വ്യക്തമാക്കി. ഈസ്റ്റര്‍ ആശംസകളറിയിക്കുക മാത്രമാണ് ചെയ്തതെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചചെയ്തില്ലെന്നും മോഡി പറഞ്ഞു.
ഇന്ന് രാവിലെ പ്രധാനമന്ത്രി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. സമൂഹത്തില്‍ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശക്തീകരിക്കാനും കഴിയട്ടെയെന്ന് പ്രധാനമന്ത്രി ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
ബി ജെ പിയുടെ മുന്‍നിര നേതാക്കള്‍ ഇന്നു രാവിലെ മുതല്‍ ബിഷപ്‌സ് ഹൗസുകള്‍ കയറിയിറങ്ങുന്ന തിരക്കിലായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍ വെള്ളയമ്പലം ബിഷപ്പ് ഹൗസ് എത്തി ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച്ച നടത്തി. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷും കേന്ദ്ര മന്ത്രിക്കൊപ്പം ബിഷപ്പ് ഹൗസില്‍ എത്തി. സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്ന് വി. മുരളീധരന്‍ വ്യക്തമാക്കി. പികെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ തലശ്ശേരി ബിഷപ്പ് ഹൗസും സന്ദര്‍ശിച്ചു. സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയല്ലെന്ന് പി കെ കൃഷ്ണദാസ് പ്രതികരിച്ചു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ തലശ്ശേരി അതിരൂപത ആസ്ഥാനത്തെത്തിയത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയ്ക്ക് നേതാക്കള്‍ ഈസ്റ്റര്‍ ആശംസാകാര്‍ഡ് കൈമാറുകയും ചെയ്തു. എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനും ജില്ലാ പ്രസിഡണ്ട് ഷൈജുവും ബിഷപ്‌സ് ഹൗസുകള്‍ സന്ദര്‍ശിച്ച് ആശംസയറിയിച്ചു. മലയാറ്റൂര്‍ മലകയറ്റം പാളിയെങ്കിലും എ എന്‍ രാധാകൃഷ്ണനും പുരോഹിതരെ കണ്ട് ആശംസ നേരാനെത്തിയിരുന്നു.