എട്ട് ക്രൈസ്തവ സഭാധ്യക്ഷന്‍മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച താജ് ഹോട്ടലില്‍

കൊച്ചി - എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ ഇന്ന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും. നരേന്ദ്രമോഡി താമസിക്കുന്ന വില്ലിങ്ടണ്‍ ഐലന്റിലെ താജ് മലബാര്‍ വിവാന്ത ഹോട്ടലില്‍ അത്താഴവിരുന്നിനൊപ്പമായിരിക്കും കൂടിക്കാഴ്ചയെന്നാണ് സൂചന. ബി ജെ പി സംഘടിപ്പിക്കുന്ന യുവം പരിപാടി നടക്കുന്ന തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടില്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പരിപാടി കഴിഞ്ഞ് താജ് മലബാറില്‍ തിരിച്ചെത്തിയ ശേഷം അവിടെ വെച്ച് കൂടിക്കാഴ്ച നടത്താമെന്ന അറിയിപ്പാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇന്നലെ ലഭിച്ചിട്ടുള്ളത്. എന്നാല്‍ അവസാന മണിക്കൂറുകളില്‍ പരിപാടികളില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതയും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തള്ളുന്നില്ല.
സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക, യാക്കോബായ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ ഗ്രീഗോറിയോസ്, ക്നാനായ കത്തോലിക്ക സഭാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, കല്‍ദായ സുറിയാനി സഭാധ്യക്ഷന്‍ മാര്‍ ഔജിന്‍ കുര്യാക്കോസ്, സീറോ മലങ്കര സഭയുടെ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ്, ലത്തീന്‍ സഭ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍, ക്നാനായ സിറിയന്‍ സഭാധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ സേവേറിയൂസ് എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയില്‍ ബി ജെ പിയുടെ പ്രമുഖ നേതാക്കളും പങ്കെടുക്കും.
ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്രിസ്ത്യന്‍ സഭകള്‍ വഴി ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രവര്‍ത്തകരെയും നേതാക്കളെയും പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള ബി ജെ പി നേതൃത്വത്തിന്റെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.