പ്രധാനമന്ത്രി 24ന് കൊച്ചിയില്‍, യുവം രാഷ്ട്രീയ പരിപാടിയല്ലെന്ന് ബി ജെ പി

കൊച്ചി - പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും യുവം രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന പരിപാടിയല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 24 ന് വൈകിട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോ കൊച്ചയില്‍ നടക്കും.നിരവധി പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം ഇതോടൊപ്പം നിര്‍വഹിക്കും. യുവം പരിപാടിയില്‍ ഡിവൈഎഫ് ഐക്കും കോണ്‍ഗ്രസിനും ആശങ്കയുണ്ട്. അത് രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന സമ്മേളനമല്ല. കേരളത്തിന് വികസന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളോടൊപ്പം ഓടി എത്താനാകുന്നില്ല. എല്ലാ അവസരങ്ങളും ഉണ്ടായിട്ടും കേരളം കിതക്കുന്നു. നല്ല സാഹചര്യം ഉണ്ടായിട്ടും വിദ്യാര്‍ത്ഥികള്‍ പുറത്ത് പോയി പഠിക്കുന്നു. കേരളം ഇനിയും നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയിട്ടില്ല. ഇക്കാര്യമെല്ലാം യുവം വേദിയില്‍ ചര്‍ച്ചയാകും.പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം അറിയിച്ച് നിരവധിപേര്‍ എത്തുന്നുണ്ട്. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന യുവജന കൂട്ടായ്മയെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസും സി പി എമ്മും നടത്തുന്ന കള്ളപ്രചരണം പരിപാടിയുടെ വിജയമാണ് കാണിക്കുന്നത്. സില്‍വര്‍ലൈനിന് പച്ചക്കൊടി എന്ന വ്യാജ പ്രചരണമാണ് സിപിഎം നല്‍കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ മതവിഭാഗങ്ങളുമായി കൂടികാഴ്ചയും ഉണ്ടാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.