LogoLoginKerala

ചങ്കൂറ്റമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വാ; ബി ജെ പിയെ വെല്ലുവിളിച്ച് എം കെ സ്റ്റാലിന്‍

 
mk stalin
അണ്ണാ ഡി.എം.കെയെ ബി ജെ പി അടിമയാക്കിയത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തിയ റെയ്ഡുകളിലൂടെയാണ്. എന്നാല്‍ തങ്ങള്‍ അതുപോലെ അടിമയാകുമെന്ന് ബി.ജെ.പി കരുതേണ്ട


ചെന്നൈ- ചങ്കൂറ്റമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരണമെന്ന് ബിജെപിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കില്‍ ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ പറഞ്ഞു. വൈദ്യുതമന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് ജയിക്കാനാവാത്ത സ്ഥലങ്ങളില്‍ ഏജന്‍സികളെ ഉപയോഗിക്കലാണ് ബി.ജെ.പിയുടെ രീതിയെന്ന് സ്റ്റാലിന്‍ പറഞ്ഞു. അവര്‍ക്കറിയാവുന്ന ഒരേയൊരു രീതിയും അതാണ്. ജനങ്ങള്‍ ബി.ജെ.പിയെ വിശ്വസിക്കുന്നില്ല. അപ്പോള്‍ ബി.ജെ.പി വളഞ്ഞ വഴി സ്വീകരിക്കുകയാണ്. ശിവസേനയേയും, മമതയേയും. ഡി.കെ ശിവകുമാറിനെയും ആര്‍.ജെ.ഡിയേയും എല്ലാം ഈ നിലക്കാണ് കൈകാര്യം ചെയ്തതെ്. അണ്ണാ ഡി.എം.കെയെപ്പോലെ അടിമയായി മാറാത്തവര്‍ക്ക് ഇതാണ് അനുഭവം. അണ്ണാ ഡി.എം.കെയെ അടിമയാക്കിയത് ഇത്തരം റെയ്ഡുകളിലൂടെയാണ്. അവര്‍ക്കൊപ്പം ചേര്‍ന്നതോടെ എല്ലാ നടപടികളും നിര്‍ത്തിവെച്ചു. എന്നാല്‍ തങ്ങള്‍ അതുപോലെ അടിമയാകുമെന്ന് ബി.ജെ.പി കരുതേണ്ട. ഡി.എം.കെ അങ്ങനെയൊരു കക്ഷിയല്ലെന്ന് ഓര്‍ത്തോളൂ. അടിച്ച പന്ത് തിരികെ വന്ന് നെറ്റിയില്‍ കൊള്ളും. താന്‍ തിരിച്ചടിച്ചാല്‍ താങ്ങാനാവില്ലെന്ന് കലൈഞ്ജര്‍ പറഞ്ഞിട്ടുണ്ട്, അത് ഓര്‍മ്മിപ്പിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.തങ്ങള്‍ അധികാരത്തിനായി മാത്രം പാര്‍ട്ടി നടത്തുന്നവരല്ല. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരാണ്. എല്ലാതരം രാഷ്ട്രീയവും തങ്ങള്‍ക്കറിയാം-സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. 

ജയലളിത മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കാലത്ത് ജോലിക്ക് കോഴവാങ്ങിയെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തത്. 17 മണിക്കൂര്‍ നീണ്ട പരിശോധനക്ക് ശേഷം, ഇന്നലെ പുലര്‍ച്ചെയാണ് തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് മന്ത്രിയായ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആന്‍ജിയോഗ്രാം ടെസ്റ്റില്‍ ഗുരുതര പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയക്ക് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ ഹൃദയ ധമനിയില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രി പുറത്ത് വിട്ടിരുന്നു.

മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ കോടതി നിര്‍ദ്ദേശമോ ഇല്ലാതെ ഇനി സിബിഐക്ക് സംസ്ഥാനത്ത് കേസ് എടുക്കാനാകില്ല. കേരളം അടക്കം 10 സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ സിബിഐക്ക് നേരിട്ട് കേസെടുക്കാനുള്ള അനുമതി പിന്‍വലിച്ചിരുന്നു. തമിഴ്‌നാട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ അന്വേഷണ ഇടപെടലുകള്‍ ഉണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചിരിക്കുന്നത്.