LogoLoginKerala

അത് അരിക്കൊമ്പനല്ല, ചക്കക്കൊമ്പനാണെന്ന് നാട്ടുകാര്‍, ദൗത്യം പാളി?

 
chakkakomban

ഇടുക്കി- അരിക്കൊമ്പനെന്ന് കരുതി വനംവകുപ്പ് മയക്കുവെടിവെക്കാനായി പിന്തുടര്‍ന്നത് ചക്കക്കൊമ്പനെയെന്ന് നാട്ടുകാര്‍. ആനക്കൂട്ടത്തിന് മുന്നില്‍ നില്‍ക്കുന്നത് ചക്കക്കൊമ്പനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് അരിക്കൊമ്പനാണെന്ന് തെറ്റിദ്ധരിച്ചാണ് വനം വകുപ്പ് ഈ ആനക്കൂട്ടത്തെ കേന്ദ്രീകരിച്ച് പുലര്‍ച്ചെ മുതല്‍ ദൗത്യമാരംഭിച്ചതെന്ന് ജനപ്രതിനിധികളടക്കമുള്ളവര്‍ പറയുന്നു. ഉച്ചക്ക് മുമ്പ് അരിക്കൊമ്പനെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ദൗത്യം നാളത്തേക്ക് മാറ്റുമെന്നാണ് വനംവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.


അരിക്കൊമ്പന്റെ വലതുവശത്തെ കൊമ്പിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. ആനക്കൂട്ടത്തിലുള്ള കൊമ്പന് ഈ ലക്ഷണമില്ല. ആനക്കൂട്ടത്തില്‍ ഇപ്പോള്‍ അരിക്കൊമ്പന്‍ ഇല്ലെന്ന് വനംവകുപ്പും സമ്മതിക്കുന്നുണ്ട്. ഇതിനിടയിലാണ് പെരിയകനാല്‍ ഭാഗത്ത് അരിക്കൊമ്പന്‍ ഉള്ളതായി വിവരം ലഭിച്ചത്. എന്നാല്‍ അവിടെയും അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ല.


വകുപ്പ് വാച്ചര്‍മാര്‍ക്ക് ഇന്നലെ കഴിയാതിരുന്നതാണ് ദൗത്യം പാളാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ വൈകീട്ടും രാത്രിയിലും കനത്ത മഴയായിരുന്നു. ഈ സമയത്ത് അരിക്കൊമ്പന്‍ എവിടേക്ക് നീങ്ങിയെന്ന് വാച്ചര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മഴ പെയ്യുന്നതു വരെ ആന വാച്ചര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ കനത്ത മഴയില്‍ മുന്നോട്ടു നീങ്ങാന്‍ കഴായാതെ വന്നതോടെ നിരീക്ഷണം പാളിയെന്ന് കരുതപ്പെടുന്നു. രാവിലെ ആനക്കൂട്ടത്തെ ദൂരെ നിന്ന് കണ്ടപ്പോള്‍ അത് അരിക്കൊമ്പനാണെന്ന് തെറ്റിദ്ധരിച്ചതാകാമെന്നും നാട്ടുകാര്‍ സൂചിപ്പിക്കുന്നു.


നിരോധനാജ്ഞയുള്ളതിനാല്‍ ഈ പ്രദേശത്ത് നാട്ടുകാര്‍ രാവിലെ മുതല്‍ വീടുകളില്‍ നിന്നു പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍ ദൗത്യം പാളിയെന്ന മനസ്സിലായതോടെ ഇവര്‍ രംഗത്തുവന്നു. വനംവകുപ്പിന് വീഴ്ച സംഭവിച്ചെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുകയാണ്.


ചക്കപ്രിയനായ ചക്കക്കൊമ്പന്‍ പത്തിലധികം പേരെ കൊന്നിട്ടുള്ള ഒറ്റയാനാണ്. ശാന്തന്‍പാറ കോരംപാറ, തലക്കുളം മേഖലകളിലാണ് ഈ ഒറ്റയാന്‍ പ്രധാനമായും നാശംവിതയ്ക്കുന്നത്. ഇവന്റെ ആക്രമണത്തെ ഭയന്ന് പ്രദേശവാസികള്‍ പ്രദേശങ്ങളിലെ പ്ലാവുകളില്‍ ചക്കവിരിയുന്ന ഉടന്‍ വെട്ടിക്കളയുകയാണ് പതിവ്.