മോഖ ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു, അഞ്ച് ദിവസം മഴക്ക് സാധ്യത

തിരുവനന്തപുരം- തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ മോഖ രൂപപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മോഖ മധ്യബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ചുഴലിക്കാറ്റായി ശക്തമാകാന്‍ സാധ്യതയുണ്ട്. ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് മ്യാന്‍മര്‍ തീരത്തേക്ക് പ്രവേശിക്കുന്നതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും കനത്ത മഴക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് മധ്യകേരളം മുതല്‍ തെക്കന്‍ കേരളം വരെ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇടി, മിന്നല്‍, കാറ്റോട് കൂടിയ മഴയ്ക്കു സാധ്യത. മേയ് 12 മുതല്‍ 14 വരെ വടക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും മധ്യബംഗാള്‍ ഉള്‍ക്കടലിലും അന്തമാന്‍ കടലിലും മത്സ്യത്തൊഴിലാളികള്‍ പോകരുതെന്ന നിര്‍ദേശമുണ്ട്. ഇത് ചെറുകിട കപ്പലുകള്‍, ബോട്ടുകള്‍, ട്രോളറുകള്‍ എന്നിവയ്ക്കും ബാധകമാണ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതേസമയം, കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.