LogoLoginKerala

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് ജൂണ്‍ ഒന്നിന് രാജ്യവ്യാപക പ്രതിഷേധം

അന്വേഷണം തീരുന്നതു വരെ കാത്തിരിക്കാന്‍ കേന്ദ്രത്തിന്റെ ഉപദേശം

 
wrestlers strike


ന്യൂഡല്‍ഹി-  പ്രതിഷേധ സമരം നടത്തുന്ന കായിക താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്  ജൂണ്‍ ഒന്നിന്, ട്രേഡ് യൂണിയനുകള്‍, കര്‍ഷക സംഘടനകള്‍, വനിതാ സംഘടനകള്‍, എന്‍ജിഒകള്‍ എന്നിവ രാജ്യവ്യാപകമായി പ്രകടനങ്ങള്‍ നടത്തുമെന്ന് പരിസ്ഥിതി- മനുഷ്യാവകാശ പ്രവര്‍ത്തക മേധാ പട്കര്‍ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പ്രശ്നം ശക്തി പ്രാപിക്കുമെന്നും ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയനാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്നും അവര്‍ പറഞ്ഞു.

സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് ബ്രിജ് ഭൂഷണിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നാളിതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. അതിലും ഞെട്ടിപ്പിക്കുന്ന കാര്യം സര്‍ക്കാരില്‍ നിന്ന് ആരും അദ്ദേഹത്തിനെതിരെ സംസാരിച്ചിട്ടില്ല എന്നതാണ്. ഇത് ഇന്ത്യയിലെ എല്ലാ സ്ത്രീകള്‍ക്കും അപമാനമാണ്. ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല, മറിച്ച് എല്ലാ സ്ത്രീകളുടെയും അന്തസ്സിനെ ബാധിക്കുന്ന ഒന്നാണെന്നും അവര്‍ പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ള ബ്രിജ് ഭൂഷണിനെതിരെ നിയമപ്രകാരം ഗൗരവമായ നടപടികളൊന്നും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഈ അഹങ്കാരത്തിന് ഞങ്ങള്‍ നിശബ്ദ സാക്ഷികളായി തുടരില്ലെന്നും പട്കര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ പേര് വാനോളം ഉയര്‍ത്തിയ കായിക താരങ്ങള്‍ക്ക് പോലും ഈ ഗതി വന്നതില്‍ വേദനയുണ്ടെന്നും അവരോടൊപ്പം ഉറച്ചു നില്‍ക്കുമെന്നും മേധാ പട്കര്‍ പറഞ്ഞു. മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള കായിക താരങ്ങളുടെ തീരുമാനം ഞെട്ടിച്ചിരുന്നതായും ഇത് മുഴുവന്‍ രാജ്യത്തിന്റെ പ്രത്യേകിച്ച് എല്ലാ സ്ത്രീകളുടെയും മനസാക്ഷിയെ,  ഉണര്‍ത്തണമെന്നും മേധാ പട്കര്‍ പറഞ്ഞു. നിരവധി വനിതാ ഗുസ്തിക്കാരെ പീഡിപ്പിച്ചു എന്നാരോപണം നേരിടുന്ന ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി പല ഭാഗത്തുനിന്നും ആവശ്യം ഉയര്‍ന്നിരുന്നു. സ്വന്തം അന്തസിനേക്കാള്‍ വലുതൊന്നുമില്ല. പ്രതിഷേധക്കാര്‍ക്ക് നീതി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് തോന്നുന്നതിനാലാണ് താന്‍ സമരത്തെ പൂര്‍ണമായി പിന്തുണക്കുന്നതെന്നും പട്കര്‍ പറഞ്ഞു.

അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ റെസ്ലിങ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ പ്രധാന തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസ് നിഷേധിച്ചു. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടുള്ള ട്വീറ്റ് ഡല്‍ഹി പോലീസ് മിനിട്ടുകള്‍ക്കകം പിന്‍വലിക്കുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഡല്‍ഹി പൊലീസിനു തെളിവുകള്‍ കിട്ടിയിട്ടില്ലെന്നും, അതിനാല്‍ അറസ്റ്റ് പോലുള്ള നടപടികള്‍ സാധ്യമല്ലെന്ന നിലപാടിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. പോക്‌സോ അടക്കമുള്ള നിയമങ്ങള്‍ പ്രകാരമാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെതിരേ കേസെടുത്തിരിക്കുന്നത്. അതേസമയം, തെളിവില്ലെന്ന റിപ്പോര്‍ട്ട് നിഷേധിച്ചെങ്കിലും, തെളിവുണ്ടെന്നും പൊലീസ് പറയുന്നില്ല. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും പുരോഗമിക്കുന്നു എന്നും മാത്രമാണ് വിശദീകരണം.

ബ്രിജ് ഭൂഷണെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പരാതികളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ കാത്തിരിക്കണമെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ സമരം ചെയ്യുന്ന ഗു്‌സ്തി താരങ്ങളോട് അഭ്യര്‍ഥിച്ചു. കായിക രംഗത്തിനു ദോഷമുണ്ടാക്കുന്ന നടപടികള്‍ പാടില്ലെന്നും അനുരാഗ് ഠാക്കൂര്‍ ഉപദേശിച്ചു. മെഡലുകള്‍ പുഴയിലൊഴുക്കുന്നതു പോലുള്ള നടപടികള്‍ പാടില്ലെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ചൊവ്വാഴ്ച മെഡലുകള്‍ ഗംഗയിലൊഴിക്കാന്‍ സമരക്കാര്‍ ഹരിദ്വാറിലെത്തിയെങ്കിലും കര്‍ഷക നേതാക്കലുടെ ഇടപെടലിനെത്തുടര്‍ന്ന് താത്കാലികമായി പിന്‍മാറുകയായിരുന്നു. തുടര്‍ന്ന്, കേന്ദ്ര സര്‍ക്കാര്‍ ബ്രിജ് ഭൂഷണെതിരേ നടപടിയെടുക്കാന്‍ അഞ്ച് ദിവസം കൂടി കാത്തിരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ കാത്തിരിക്കണമെന്നാണ് അനുരാഗ് ഠാക്കൂര്‍ നല്‍കുന്ന ഉപദേശം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച റെസ്ലിങ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ തല്‍സ്ഥാനത്തു നിന്നു പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് താരങ്ങള്‍ സമരം ചെയ്യുന്നത്.