100 കോടി പിഴയടക്കില്ല, അപ്പീല്‍ നല്‍കും: കൊച്ചി മേയര്‍
ഉത്തരവ് വിശദമായ വാദം കേള്‍ക്കാതെ, ഹൈക്കോടതി നിര്‍ദേശപ്രകാരം മുന്നോട്ടു പോകും

കൊച്ചി- ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ പറഞ്ഞു. 100 കോടി രൂപ പിഴയടക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കോര്‍പറേഷന് സാധിക്കില്ല. ട്രൈബ്യൂണല്‍ ബന്ധപ്പെട്ട കക്ഷികളുടെ വാദം കേള്‍ക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ 100 കോടി പിഴ അപ്രതീക്ഷിതമാണ്. ഇത്തരമൊരു വിധിയുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല.ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള മാലിന്യ സംസ്‌കരണ നടപടികളുമായി കോര്‍പറേഷന്‍ മുന്നോട്ടു പോകുകയാണ്.
ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവിലെ നിഗമനങ്ങളില്‍ പലതും തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ സാധൂകരിക്കുന്നതാണ്. 2012 മുതല്‍ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന വിമര്‍ശനം തന്റെ വാദം ശരിവെക്കുന്നതാണ്. പത്തുവര്‍ഷക്കാലം ഭരിച്ച കോണ്‍ഗ്രസ് ഭരണസമിതികള്‍ കോര്‍പറേഷന് പുറത്തു നിന്നുള്ള മാലിന്യങ്ങള്‍ വേര്‍തിരിക്കാതെ ബ്രഹ്മപുരത്ത് കുന്നുകൂട്ടിയതാണ് മാലിന്യമലയുണ്ടാകാനും തീപിടുത്തത്തിനും കാരണമായത്. അവരുടെ കാലത്ത് എല്ലാം കൃത്യമായിരുന്നു എന്ന് മുന്‍ മേയര്‍മാര്‍ പറയുന്നത് വെറുതെയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അടക്കം ഉത്തരവിലുണ്ട്. നിലവില്‍ ആരും പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. പുതിയ തലത്തിലേക്ക് കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. എല്ലാം കോര്‍പ്പറേഷന്‍ ആത്മാര്‍ത്ഥമായും ഉത്തരവാദപരമായും ചെയ്യുമെന്നും മേയര്‍ എം അനില്‍ കുമാര്‍ പറഞ്ഞു.