മോദി മികച്ച നേതാവ്, കേരളത്തില്‍ ബിജെപിക്കും സാധ്യത; രാജ്യത്ത് ക്രൈസ്തവര്‍ അരക്ഷിതരല്ല-മാർ ആലഞ്ചേരി
Sun, 9 Apr 2023

ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് എറണാകുളം-അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ക്രൈസ്തവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനായി ബിജെപി ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മോദിയെ പ്രശംസിച്ച് രംഗത്തെത്തിയത്.
മോദി നല്ല നേതാവാണ്, ആരുമായും ഏറ്റുമുട്ടലിന് പോകാറില്ല. ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ല,ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ല. കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യതയുണ്ട്. ബിജെപി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് ഭീകരാക്രമണങ്ങള്‍ കുറഞ്ഞു. ഭീകരരെ പ്രതിരോധിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്- അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ക്രൈസ്തവ വിഭാഗത്തിന് ബി.ജെ.പിയോട് തൊട്ടുകൂടായ്മയില്ല. ഇടത്-വലത് മുന്നണികളെപ്പോലെ ബി.ജെ.പിക്കും കേരളത്തില്‍ സാധ്യതയുണ്ട്. ജനങ്ങളുടെ പിന്തുണ നേടുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ട്. രാജ്യത്തെ ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലല്ലെന്നും അദ്ദേഹം ഈസ്റ്റർ ദിനത്തിൽ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നേരത്തെ, നായര്‍ സമുദായത്തിനും കോണ്‍ഗ്രസുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ക്രമേണ അത് കുറഞ്ഞുവന്നു. കോണ്‍ഗ്രസില്‍ പ്രതീക്ഷയില്ലാത്തതിനാലാണ് ഒരുവിഭാഗം ഇടതുപക്ഷത്തേക്ക് മാറിയത്. എന്നാല്‍, പല സാഹചര്യങ്ങളിലും അവര്‍ക്കും പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല. അതിനാല്‍, ആളുകള്‍ മറ്റൊരു സാധ്യത തേടുന്നത് സ്വാഭാവികമാണ്. അങ്ങനെയാണ് ബി.ജെ.പിയലേക്ക് ആളുകള്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന്റെ ആശയത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. ആര്‍.എസ്.എസ്. നേതാക്കളും വന്നുകണ്ടിട്ടുണ്ട്. അവര്‍ എന്നെ സ്വാമിജി എന്നാണ് വിളിക്കുന്നത്. ചര്‍ച്ചകള്‍ തുടരാനുള്ള താത്പര്യം അവര്‍ അറിയിച്ചിട്ടുണ്ടെന്നും ആലഞ്ചേരി വ്യക്തമാക്കി.