മാമുക്കോയയുടെ ആരോഗ്യനിലയില്‍ പുരോഗതി, 72 മണിക്കൂര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്- മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടായ നടന്‍ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യനില അല്‍പം ഭേദപ്പെട്ടതോടെയാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ മെഡിക്കല്‍ ഐസിയു ആംബുലന്‍സില്‍ പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി തന്നെ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിരുന്നു. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരേണ്ടി വരുമെന്നും അദ്ദേഹത്തെ ചികില്‍സിച്ച ഡോ. അജ്മല്‍ നാസിര്‍ പറഞ്ഞു.
ബന്ധുക്കള്‍ ഇന്നലെ രാത്രി തന്നെ വണ്ടൂരില്‍ എത്തിയിരുന്നു. കളികാവ് പൂങ്ങോട് ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയ മാമുക്കോയ പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് തീവ്രപരിചരണം നല്‍കി. ഫുട്‌ബോള്‍ മൈതാനത്ത് ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതിനാല്‍ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം വന്നപ്പോള്‍ തന്നെ നിര്‍ണ്ണായക പ്രാഥമിക ചികിത്സ നല്‍കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ നിലഅതീവ ഗുരുതരമാകാതിരിക്കാന്‍ സഹായിച്ചു.