വിട ചൊല്ലി, ജൻമനാട്; മാമുക്കോയ ഇനി ചിരിയോർമ്മ
Apr 27, 2023, 11:56 IST

കോഴിക്കോട്- നടന്‍ മാമുക്കോയയ്ക്ക് ജൻമനാട് വിട ചൊല്ലി. ഭൗതികശരീരം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ മയ്യത്ത് നമസ്‌കാരത്തിന് ശേഷമാണ് മൃതദേഹം ഖബര്‍സ്ഥാനിലേക്ക് കൊണ്ടുവന്നത്. പ്രിയ കലാകാരനെ അവസാനമായി ഒരു നോക്കുകാണാന്‍ നൂറുകണക്കിനാളുകളാണ് കോഴിക്കോട്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 1.05ന് കോഴിക്കോട് മേയ്ത്ര ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഈ മാസം ഇരുപത്തിനാലിന് രാത്രി മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മേയ്ത്ര ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തോടൊപ്പം തലച്ചോറില്‍ രക്തസ്രാവംകൂടി ഉണ്ടായി. കാന്‍സറിനും ഹൃദയസംബന്ധമായ അസുഖത്തിനും നേരത്തെ ചികിത്സയിലായിരുന്നു.ഇന്നലെ വൈകിട്ട് മൂന്നുമുതല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. സിനിമ-സംഗീത-നാടക മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തുടര്‍ന്ന് രാത്രി പത്തോടെ മൃതദേഹം അരക്കിണറിലെ വീട്ടിലേക്കു കൊണ്ടുപോയിരുന്നു.