LogoLoginKerala

ബ്രഹ്മപുരം ദുരന്തം ആവര്‍ത്തിക്കപ്പെടരുത്: മമ്മൂട്ടി, മോഹന്‍ലാല്‍

 
mammootty mohanlal
"തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണ ചര്‍ച്ചയ്ക്കു വേണ്ടി 5 യോഗത്തില്‍ ഞാന്‍ പങ്കെടുത്തു.എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ ഞാനിനി വരുന്നില്ലെന്നു പറഞ്ഞു." മോഹന്‍ലാല്‍
"എല്ലാം ഭരണകൂടത്തിന്റെ ചുമലില്‍ വച്ചു മാറിനിന്ന് ആരോപണങ്ങള്‍ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിര്‍ത്തണം." മമ്മൂട്ടി

ബ്രഹ്മപുരം അഗ്നിബാധയില്‍ ശക്തമായ പ്രതികരണങ്ങളുമായി സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. കൊച്ചിയിലെ പുക തല്‍ക്കാലം അടങ്ങുമെങ്കിലും ഇനിയും ഇത്തരം ദുരന്തം ഉണ്ടാകില്ലെന്നു പറയാനാകില്ലെന്നും കനല്‍ എവിടെയോ ബാക്കി കിടക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു.
'ഞാന്‍ പൊഖറാനില്‍ ഷൂട്ടിങ്ങിലാണ്. പലരും പറഞ്ഞു ലാല്‍ രക്ഷപ്പെട്ടുവെന്ന്.ആരും സ്ഥിരമായി അന്യ നാട്ടില്‍ താമസിക്കില്ലല്ലോ. അതുകൊണ്ടുതന്നെ താല്‍ക്കാകമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ല.അവരേയും ഇതെല്ലാം നാളെമോ മറ്റന്നാളോ കാത്തിരിക്കുന്നുണ്ട്.' മോഹന്‍ലാല്‍ പറയുന്നു. തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണ ചര്‍ച്ചയ്ക്കു വേണ്ടി 5 യോഗത്തില്‍ ഞാന്‍ പങ്കെടുത്തു.എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ ഞാനിനി വരുന്നില്ലെന്നു പറഞ്ഞു. ചര്‍ച്ച ചെയ്യുന്നതുകൊണ്ടു മാത്രം ഒന്നും നടക്കില്ല. നടപടി വേണം- മോഹന്‍ലാല്‍ നിര്‍ദേശിച്ചു. 5 വര്‍ഷം മുന്‍പു ഞാനൊരു കുറിപ്പില്‍ മാലിന്യം കൈ വിട്ടുപോകുന്ന പ്രശ്‌നമാകുമെന്നു ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത് എന്റെ മാത്രം ആശങ്കയായിരുന്നില്ല. ആയിരക്കണക്കിനാളുകളുടെ ആശങ്കയായിരുന്നു. ആ കത്തു ഞാന്‍ മുഖ്യമന്ത്രിക്കും നല്‍കിയിരുന്നു.
എന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാര്‍  പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട് എന്നതാണു ഏറെ ദിവസമായി എന്റെ ഏറ്റവും വലിയ വേദന. പുകയുന്ന ഈ കൊച്ചിയില്‍ ആയിരക്കണക്കിനു അമ്മമാരും മുതിര്‍ന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്നതാണ്. ഇവരുടെയൊക്കെ ശ്വാസകോശങ്ങളിലെത്തുന്ന പുക രോഗങ്ങളിലേക്കാണവരെ കൊണ്ടുപോകുന്നത്. ജീവിതം മുഴുവന്‍ അവരിതു അനുഭവിക്കേണ്ടി വന്നേക്കാം. ഇതു പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല. മനുഷ്യനുണ്ടാക്കിയ ദുരന്തമാണ്. ഇത് ആരുടെ വീഴ്ചായാണെന്നു തര്‍ക്കിക്കുമ്പോള്‍ ഇതിനുള്ള അടിയന്തര പരിഹാരം ചര്‍ച്ച ചെയ്യാതെ പോകുന്നു. എത്ര അലക്ഷ്യമായാണു നാം ഇതു കൈകാര്യം ചെയ്‌തെന്നു തിരിച്ചറിയുന്നത് ഇപ്പോഴാണ്. ഈ പുക കൊച്ചിയില്‍ മാത്രം നില്‍ക്കുമെന്നു കരുതരുത്. അതു ലോകത്തിന്റെ പല ഭാഗത്തും പല തരത്തില്‍ എത്തുന്നുണ്ട്. ടൂറിസം, ഹോട്ടല്‍ തുടങ്ങിയ വ്യവസായങ്ങളിലെല്ലാം ഇതിന്റെ പുക ബാക്കി നില്‍ക്കും. കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ. 
ആളുകള്‍ മാലിന്യം കവറിലാക്കി വലിച്ചെറിയുന്നതുകൊണ്ടാണ് ഈ അവസ്ഥ വന്നതെന്നു പറയുന്നതു കേട്ടു. കൃത്യമായൊരു സംവിധാനം ഉണ്ടായാല്‍ ആരും മാലിന്യം കവറിലാക്കി കളയില്ല. അത്തരമൊരു സംവിധാനം നമുക്കില്ല എന്നതാണു പ്രധാന കാരണം.സംസ്‌കരിക്കാന്‍ മികച്ച സംവിധാനമുണ്ടായാല്‍ ജനം സ്വയം അത്തരം സംസ്‌കാരം പിന്‍തുടരും. പരസ്പരം കുറ്റം പറയുന്നതിനു പകരം നാം ചെയ്യേണ്ടത് എന്തു ചെയ്യുമെന്നും എപ്പോള്‍ നാം സംസ്‌കരണത്തിനു സജ്ജമാകുമെന്നാണ്- മോഹന്‍ലാല്‍ വ്യക്തമാക്കി. 

കൊച്ചിക്ക് വേണ്ടത് ശാശ്വത പരിഹാരമെന്ന് മമ്മൂട്ടി

തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണ്. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാര്‍ക്ക് ജീവിക്കാന്‍ വയ്യ. രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ല. ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാന്‍ പുണെയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോള്‍ തുടങ്ങിയ ചുമ ക്രമേണ ശ്വാസംമുട്ടലായി. ഷൂട്ടിങ്ങിനു വയനാട്ടിലെത്തിയപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോള്‍ വീടുവിട്ടു മാറിനില്‍ക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകള്‍ പിന്നിട്ട് ഇത് വ്യാപിക്കും. വലിയ അരക്ഷിതാവസ്ഥയാണിത്.
ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് അവിടത്തെ പ്രശ്‌നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കില്‍ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലില്‍ വച്ചു മാറിനിന്ന് ആരോപണങ്ങള്‍ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിര്‍ത്തണം. ജൈവമാലിന്യങ്ങള്‍ വേറിട്ട് സംഭരിച്ച് സംസ്‌കരിക്കുകയോ ഉറവിട സംസ്‌കരണ രീതിയോ ഫലപ്രദമാക്കണം. കൊച്ചി ഒരു മഹാനഗരമായി വളര്‍ന്നു കഴിഞ്ഞു. ദിനം പ്രതി അത് വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്‌കരണവും- മമ്മൂച്ചി പറഞ്ഞു.