ആഭ്യന്തര യുദ്ധത്തിനിടെ സുഡാനില്‍ മലയാളി വെടിയേറ്റ് മരിച്ചു

ഖാത്തൂം- സുഡാനില്‍ സൈനികരും അര്‍ധ സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ മലയാളി വെടിയേറ്റ് മരിച്ചു. കണ്ണൂര്‍ ആലക്കോട് കാക്കടവ് സ്വദേശി ആലിവേലില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ (48) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
വിമുക്തഭടനായ ആല്‍ബര്‍ട്ട് സുഡാനില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. വീടിനുള്ളില്‍ ഫോണ്‍ ചെയ്യുന്നതിനിടെയായിരുന്നു ആല്‍ബര്‍ട്ടിന് വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും രക്ഷപ്പെട്ടു. ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. തുടര്‍ക്രമീകരണങ്ങള്‍ക്കായി അഗസ്റ്റിന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എംബസി അറിയിച്ചു.
ആല്‍ബര്‍ട്ട് ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട ആല്‍ബര്‍ട്ട്. ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് വീടിന് പുറത്തു നിന്നാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടാഴ്ച മുന്‍പ് ഭാര്യ സൈബല്ലയും ഇളയ മകള്‍ മരീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെ എത്തിയിരുന്നു. മൂവരും നാട്ടിലേക്കു മടങ്ങാന്‍ ഇരിക്കെയാണു സംഭവം. ഭാര്യയും മകളും സുരക്ഷിതരാണ്. അഗസ്റ്റിനാണ് ആല്‍ബര്‍ട്ടിന്റെ പിതാവ്. മാതാവ് മേഴ്സി. മകന്‍ ഓസ്റ്റിന്‍ കാനഡയിലാണ്. സഹോദരിമാര്‍: സ്റ്റാര്‍ലി, ശര്‍മി.