LogoLoginKerala

മഹാരാജാസ് മാര്‍ക്ക് ലിസ്റ്റ് വിവാദം; കെ എസ് യു നേതാക്കള്‍ ചോദ്യം ചെയ്യലിന് എത്തിയില്ല

 
maharajas

കൊച്ചി- മഹാരാജാസ് കോളേജിലെ വ്യാജ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പ്രതികളായ കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യറും മഹാരാജാസ് യൂണിറ്റ് പ്രസിണ്ട് സി എ ഫൈസലും ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അസൗകര്യം അറിയിച്ച ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഒരാഴ്ചത്തെ സമയം തേടി. ഇവര്‍ ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന.

അതേസമയം കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട സി സി ടി വി ദൃശ്യങ്ങള്‍ മഹാരാജാസ് കോളേജ് അധികൃതര്‍  അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. കഴിഞ്ഞ മാസം ആറാം തീയതി മഹാരാജാസ് കോളേജ് ഓഫീസില്‍ നടന്ന സംഭവ വികാസങ്ങളുടെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. മുറിക്കുള്ളിലെയും പുറത്തെയും ദൃശ്യങ്ങള്‍ കൈമാറിയിട്ടുണ്ട്. 
ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. 

പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകളിലെ വിശദാംശങ്ങളും അന്വേഷണ സംഘം തേടിയിട്ടുണ്ട്. വിശദാംശങ്ങള്‍ ലഭിച്ച ശേഷം ആവശ്യമെങ്കില്‍ കമ്പ്യൂട്ടറുകള്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനക്കയക്കും. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കേസന്വേഷണം.