LogoLoginKerala

മധുവിന് നീതി, 14 പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി നാളെ, രണ്ടു പ്രതികളെ വെറുതെവിട്ടു

 
attappadi madhu
മണ്ണാര്‍ക്കാട്-ആദിവാസിയുവാവ് മധുവിനെ മോഷണം ആരോപിച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 16 പേരില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന്  മണ്ണാര്‍ക്കാട് പട്ടികജാതിപട്ടികവര്‍ഗ പ്രത്യേക കോടതി വിധിച്ചു. 4,11 പ്രതികളെ വെറുതെവിട്ടു. 
ഹുസൈന്‍, ഷംസുദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, അബ്ദുള്‍കരീം, സജീവ്, സതീഷ്, ഹരീഷ്, ബൈജു, മുനീര്‍ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്. നാലാം പ്രതി അനീഷ്, 11-ാം പ്രതി മരയ്ക്കാര്‍ എന്നിവരെ കോടതി വെറുതെവിട്ടു. മധുവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന കുറ്റമാണ് നാലാം പ്രതി അനീഷിനെതിരെ ചുമത്തിയിരുന്നത്. 11-ാം പ്രതി മരയ്ക്കാര്‍ക്കെതിരെ ചുമത്തിയിരുന്നത് മധുവിനെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന കുറ്റമാണ്. 
സാക്ഷികള്‍ ബഹുഭൂരിപക്ഷവും വിചാരണക്കിടെ കൂറുമാറിയ കേസിലാണ് പ്രത്യേക കോടതി 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് 5 വര്‍ഷത്തിനുശേഷമാണ് വിധി വന്നത്. മാര്‍ച്ച് 10നു വാദം പൂര്‍ത്തിയായ കേസില്‍ മാര്‍ച്ച് 18നു വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് 30ലേക്കു മാറ്റി. 30നു കേസ് പരിഗണിച്ചപ്പോഴാണ് ഇന്നു വിധി പറയാനായി വീണ്ടും മാറ്റിയത്. വിധി പറയുന്ന സാഹചര്യത്തില്‍ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ അമ്മ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു.  അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത പൊലീസ് സന്നാഹം കോടതിയില്‍ ഒരുക്കിയിരുന്നു. 
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകന്‍ മധു (30) ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരില്‍നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ചു മധുവിനെ കാട്ടില്‍നിന്നു പ്രതികള്‍ സംഘം ചേര്‍ന്നു പിടികൂടി മുക്കാലിയിലെത്തിച്ചു. മുക്കാലിയില്‍ എത്തിയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.
അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലമാണു മധു കൊല്ലപ്പെട്ടതെന്നാണു പ്രോസിക്യൂഷന്‍ കേസ്. വനത്തില്‍ ആണ്ടിയളച്ചാല്‍ ഭാഗത്തു മധു ഉണ്ടെന്നു വിവരം ലഭിച്ച പ്രതികള്‍ കാട്ടില്‍ അതിക്രമിച്ചു കയറിയെന്നു വനംവകുപ്പ് കേസും നിലവിലുണ്ട്.