അഭിഭാഷക കുപ്പായമണിഞ്ഞ് മഅ്ദനിയുടെ മകന്‍

കൊച്ചി- 13 വര്‍ഷമായി ബെംഗളൂരുവിലെ വീട്ട് തടങ്കലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മകന്‍ സ്വലാഹുദീന്‍ അയൂബി ഇനി അഭിഭാഷകന്‍. നിരന്തര നീതി നിഷേധത്തിന്റെ തീച്ചൂളയില്‍ ഉരുകിത്തീരുന്ന പിതാവില്‍ നിന്ന് കരുത്ത് നേടിയാണ് അയ്യൂബി വക്കീല്‍ കുപ്പായമണിഞ്ഞത്.
അയ്യൂബിക്ക് പത്ത് മാസം പ്രായമുള്ളപ്പോഴാണ് കേസില്‍ പെട്ട് മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലിലടച്ചത്. പിന്നീട് പിതാവുമൊത്തുള്ള അവന്റെ ലോകം പ്രധാനമായും കോയമ്പത്തൂര്‍ സേലം ജയിലുകളിലെ സന്ദര്‍ശക മുറികളും ജയില്‍ ഉദ്യോഗസ്ഥരുമൊക്കെയായിരുന്നു. പിതാവിനെ നന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിയാണ് അയൂബി സന്നദ് ദാന ചടങ്ങിനെത്തിയത്. എറണാകുളം കളമശ്ശേരി ആഷിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ചെയര്‍മാന്‍ കെ എന്‍ അനില്‍ കുമാര്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം മനോജ് കുമാര്‍ എന്‍, അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ്, അഡീ. അഡ്വക്കേറ്റ് ജനറല്‍ കെ പി ജയചന്ദ്രന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് ഡയസ് ആണ് എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ജീവിതത്തിന്റെ നിര്‍ണായക നിമിഷത്തിലും വാപ്പ കൂടെയില്ലെന്നുള്ള സങ്കടം മാത്രമേയുള്ളൂ അയ്യൂബിക്ക്. വാപ്പച്ചിയെ പോലെ നീതി നിഷേധിക്കപ്പെട്ട നിസ്സഹായര്‍ക്ക് കോടതിയില്‍ ശബ്ദമാകാന്‍ പരിശ്രമിക്കുമെന്ന് അയ്യൂബി പറഞ്ഞു. അബ്ദുള്‍ നാസര്‍ മഅ്ദനി ബാംഗ്ലൂരിലെ താമസസ്ഥലത്ത് ഓണ്‍ലൈനായി ചടങ്ങ് വീക്ഷിച്ചു. ഉമ്മ സൂഫിയാ മഅ്ദനി ഉള്‍പ്പെടെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും പി ഡി പി നേതാക്കളും പ്രര്‍ത്തകരും സന്നദ്്ദാന ചടങ്ങിന് സാക്ഷയാകാന്‍ എത്തിയിരുന്നു. മഅ്ദനിയുടെ മൂന്നാമത്തെ മകനായ അയ്യൂബി കലൂര്‍ കറുകപ്പള്ളിയിലാണ് താമസിക്കുന്നത്.
ട്രാന്‍സ് ജെന്‍ഡറായ പത്മലക്ഷ്മിയടക്കം 1529 നിയമബിരുദധാരികളാണ് ഞായറാഴ്ച ബാര്‍ കൗണ്‍സില്‍ മുമ്പാകെ എന്റോള്‍ ചെയ്തത്.