മറുനാടന്റെ വ്യാജ ആരോപണം; 10 കോടി നഷ്ടപരിഹാരം നല്‍കണം

കൊച്ചി- വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുകയും വിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്തതിന് 'മറുനാടന്‍ മലയാളി'യുടെ ഉടമ ഷാജന്‍ സ്‌കറിയയില്‍ നിന്ന് പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രമുഖ വ്യവസായി എം.എ യൂസഫലി വക്കീല്‍ നോട്ടീസ് അയച്ചു. സുപ്രീം കോടതി അഭിഭാഷകന്‍ നിഖില്‍ റോത്തകി മുഖേനയാണ് നോട്ടീസ് അയച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് മറുനാടന്‍ മലയാളിയുടെ യൂ ട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോക്ക് എതിരെയാണ് വക്കീല്‍ നോട്ടീസ്. ഏക സിവില്‍ കോഡ് ആവശ്യമാണെന്നാണ് യൂസഫലിയും, ഷുക്കൂര്‍ വക്കീലും പറയുന്നത് എന്ന ആമുഖത്തോടെ പ്രസിദ്ധീകരിച്ച വീഡിയോയില്‍ വ്യാജമായ കാര്യങ്ങളും, തന്റെ മത വിശ്വാസങ്ങള്‍ ഹനിക്കുന്ന കാര്യങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് വക്കീല്‍ നോട്ടീസില്‍ പറഞ്ഞു.
മൂന്ന് പെണ്‍കുട്ടികള്‍ ആയതിനാല്‍ യൂസഫലി ഭാര്യയെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ചു എന്നാണ് ഷാജന്‍ സ്‌കറിയ ആരോപിച്ചത്. എന്നാല്‍ യൂസഫലി രണ്ടാമത് വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് കൊടുത്ത വാര്‍ത്തയാണെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കി.
ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചുവെന്നും, അത് യൂസഫലിക്കും, ലുലു ഗ്രൂപ്പിനും, അതിലെ തൊഴിലാളികള്‍ക്കും പൊതു സമൂഹത്തില്‍ വലിയ അവമതിപ്പ് ഉണ്ടാക്കിയയെന്നും വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിന് ഉള്ളില്‍ പ്രമുഖ പത്ര, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിര്‍വ്യാജം ഖേദം പ്രസിദ്ധീകരിക്കണം എന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറുനാടന്‍ മലയാളിയുടെ ഫെയ്സ്ബുക്ക് പേജിലും, യു ട്യൂബ് ചാനലിലും നിര്‍വ്യാജം ഖേദം പ്രസിദ്ധീകരിക്കണം. ഇതിന് പുറമെയാണ് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്. ഇതില്‍ വീഴ്ച്ച ഉണ്ടായാല്‍ സിവിലായും, ക്രിമിനലായും നടപടികള്‍ ആരംഭിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.
യൂസഫലി രണ്ടാമതും വിവാഹം കഴിച്ചെന്ന പരാമര്‍ശത്തില്‍ ഷാജന്‍ സ്‌കറിയ മാപ്പ് പറഞ്ഞു. യൂസഫ് അലി രണ്ടാമതും വിവാഹം കഴിച്ചു എന്ന് യൂ ട്യൂബ് വീഡിയോവില്‍ പറഞ്ഞത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും അക്കാര്യം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷാജന്‍ സ്‌കറിയ അറിയിച്ചിരുന്നു.